നല്ല ആത്മവിശ്വാസത്തോടെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ്റെ ചുമതല ഏറ്റെടുക്കുന്നതെന്ന് ഒ.ജെ. ജനീഷ്. രണ്ട് തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കുന്നു, ആ തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വലിയ അംഗീകാരം ലഭിക്കും. തെരഞ്ഞെടുപ്പുകളെ കൂടി നേരിടാൻ കഴിയും വിധം തയ്യാറെടുപ്പുകൾ നടത്തും. സമയം കുറവും ഉത്തരവാദിത്തം കൂടുതലുമാണ്. ചുമതല യൂത്ത് കോൺഗ്രസിൻ്റെ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നും ജനീഷ്.
യങ്ങ് ഇന്ത്യ ക്യാമ്പയിൻ അടക്കം തുടങ്ങിവച്ച ക്യാമ്പയിനുകൾ പൂർത്തീകരിക്കും. ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കി കോടതിയുടെ ഇടപെടൽ പാലിയേക്കര ടോൾ പ്ലാസ കേസിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂത്ത് കോൺഗ്രസ് അടക്കം നിരവധി സംഘടനകൾ ജനകീയ പ്രക്ഷോഭങ്ങൾ പാലിയേക്കര വിഷയത്തിൽ സംഘടിപ്പിച്ചിരുന്നു, അതുകൊണ്ട് മാത്രം പരിഹാരമില്ല എന്ന് മനസിലാക്കിയാണ് നിയമപരമായി കൂടി ആരംഭിച്ചതെന്നും ജനീഷ് പറഞ്ഞു.
വയനാട് ഭവന നിർമാണ പദ്ധതി സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ജനീഷ്. തനിക്കും അതിൽ ഉത്തരവാദിത്തമുണ്ട്. പൂർത്തീകരിക്കാൻ കഴിയാത്ത ഒന്നല്ല വയനാട്ടിൽ പ്രഖ്യാപിച്ച വീടുകൾ. സംസ്ഥാന ഗവൺമെൻ്റ് വീടുകൾ കൈമാറുന്ന സമയത്ത് തന്നെ യൂത്ത് കോൺഗ്രസ് നിർമിക്കുന്ന വീടുകളും അവിടുത്തെ ജനങ്ങൾക്ക് ലഭിക്കുമെന്ന് ജനീഷ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടിയെടുത്ത തീരുമാനത്തിനൊപ്പം ആണ് എല്ലാവരും. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ തങ്ങൾ ആരും ന്യായീകരിക്കുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് നൽകുന്ന സ്വീകരണത്തെ കുറിച്ച് പ്രതികരിക്കാനില്ല. നിലവിലെ വിവാദങ്ങൾ യൂത്ത് കോൺഗ്രസിനെയും സംഘടന പ്രവർത്തനങ്ങളെയും ബാധിക്കില്ല. ഒരു പുതിയ ടീമിനെയാണ് പാർട്ടി ചുമതല ഏൽപ്പിക്കുന്നത്. പാർട്ടി ഓരോ ഘട്ടത്തിലും തീരുമാനിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും അനുസരിക്കാനും പഠിച്ചവരും അറിയുന്നവരും ആണ്. എല്ലാവരും പാർട്ടി തീരുമാനത്തിനൊപ്പമാണെന്നും ജനീഷ് പറഞ്ഞു.