സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികള്‍ക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആര്‍ഐ) പഠനത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലാണ് നടപടി.
യുഎസ് മറൈന്‍ മാമല്‍ പ്രൊട്ടക്ഷന്‍ നിയമ പ്രകാരം, സമുദ്ര സസ്തനികളുടെ സംരക്ഷണത്തില്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്ന രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സീഫുഡ് ഇറക്കുമതിക്ക് അനുമതിയുള്ളത്. ഇന്ത്യയില്‍ തിമിംഗലം, ഡോള്‍ഫിന്‍ തുടങ്ങിയ കടല്‍ സസ്തനികളുടെ ശാസ്ത്രീയ വിവരങ്ങള്‍ ഈ നിയമം കയറ്റുമതിക്ക് വലിയ ഭീഷണിയായിരുന്നു.
ഈ പ്രതിസന്ധി മറികടക്കാന്‍ 2020ലാണ് സിഎംഎഫ്ആര്‍ഐയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി സമുദ്ര സസ്തനികളുടെ ശാസ്ത്രീയ കണക്കെടുപ്പ് (സ്റ്റോക് അസസ്മെന്റ്) പദ്ധതിക്ക് തുടക്കമിട്ടത്.സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ), ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ (എഫ് എസ് ഐ) എന്നിവരുടെ സഹകരണത്തോടെ നടത്തിയ പഠനം കടല്‍ സസ്തനികളുടെ നിലവിലെ സ്ഥിതിവിവരങ്ങള്‍ ശാസ്ത്രീയമായി വിലയിരുത്തി. പഠനത്തിന്റെ ഒന്നാം ഘട്ടത്തില്‍ 18 ഇനം കടല്‍ സസ്തനികളുടെ സ്റ്റോക് അസസ്മെന്റ് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സസ്തനി സമ്പത്ത് ആരോഗ്യകരമാണെന്ന് ഈ പഠനം സ്ഥിരീകരിച്ചു.