ഏഷ്യാ കപ്പിലെ വിവാദങ്ങളില്‍ പാക് താരങ്ങളെ പരിഹസിച്ച് ഇന്ത്യന്‍ ആരാധകര്‍. ലാഹോറില്‍ നടന്ന പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിനു പിന്നാലെ മുന്‍ താരങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഹസ്തദാന വിവാദവും ഇന്ത്യ-പാക് സംഘര്‍ഷവും വീണ്ടും ചര്‍ച്ചയായത്.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിനു ശേഷം മുന്‍ പാക് താരങ്ങളായ റമീസ് രാജയും ആമിര്‍ സൊഹൈലുമാണ് ഹസ്തദാന വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. മത്സരത്തില്‍ പാകിസ്ഥാന്‍ 93 റണ്‍സിന് വിജയിച്ചിരുന്നു. മത്സരശേഷം ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്താണ് പിരിഞ്ഞത്.
ടീമുകള്‍ പരസ്പരം ഹാന്‍ഡ്‌ഷേക്ക് നല്‍കിയത് കണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നായിരുന്നു ആമിര്‍ സൊഹൈല്‍ പ്രതികരിച്ചത്. ഇക്കാലത്ത് ഇത് കാണാന്‍ കിട്ടുന്നില്ലെന്നും ഇന്ത്യ-പാകിസ്ഥാന്‍ വിവാദത്തെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ട് ആമിര്‍ സൊഹൈല്‍ പറഞ്ഞു.
സൊഹൈലിനു മറുപടിയായി, ‘കൈ’ വിട്ടുപോകുകയാണെന്നായിരുന്നു റമീസ് രാജ പറഞ്ഞത്. ക്രിക്കറ്റിലെ ഹസ്തദാനം മനോഹരമായ പാരമ്പര്യമാണെന്നും മാന്യതയുടേയും മര്യാദയുടേയും പാരമ്പര്യത്തിന്റേയും കളിയാണ് ക്രിക്കറ്റെന്നും പറഞ്ഞ റമീസ് രാജ ദക്ഷിണാഫ്രിക്കയ്ക്ക് വിവേകമുണ്ടെന്നു കൂടി പറഞ്ഞു.
ഇതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രകോപിതരായത്. മുന്‍ പാക് താരങ്ങളുടെ പോസ്റ്റിനു താഴെ മറുപടിയും പരിഹാസവുമായി ആരാധകര്‍ എത്തി. ഇന്ത്യ ഹസ്താദനം ചെയ്യാത്തതിലും മുഹ്‌സിന്‍ നഖ് വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാത്തതിലും പാകിസ്ഥാന്‍ ഇപ്പോഴും കരയുകയാണെന്നാണ് ആരാധകരുടെ പരിഹാസം.
അതേസമയം, ഏഷ്യാ കപ്പില്‍ ഹസ്താദാനത്തിന് ഇന്ത്യ വിസമ്മതിച്ചപ്പോള്‍ കഴിഞ്ഞ ദിവസം നടന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ ഹോക്കി മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടന്ന മത്സരം ശ്രദ്ധേയമായി. ഇരു ടീമുകളും പരസ്പരം ഹസ്തദാനം ചെയ്തായിരുന്നു പിരിഞ്ഞത്. സമനിലയിലാണ് മത്സരം അവസാനിച്ചത്.