ഭൂരിഭാഗം പണമിടപാടുകളും ഡിജിറ്റലായതുകൊണ്ട് ഇപ്പോ കയ്യിൽ പണം കൊണ്ടു നടക്കുക, ബാങ്കിൽ പോകുക തുടങ്ങിയ നടപടികളൊക്കെ കുറവാണ്. ചെക്ക് ഇടപാടുകൾക്കായാണ് പിന്നെയും കാര്യമായി ബാങ്കുകളെ ആശ്രയിക്കുക. അതു തന്നെ കൊണ്ടു കൊടുത്താൽ കളക്ഷനുപോയി രണ്ടോ അതിലധികമോ ദിവസം എടുത്താകും അക്കൗണ്ടിൽ പണം എത്തുക.
അത്തരം ചെക്ക് ഇടപാടുകൾ നടത്തുന്നവർക്ക് ഒരു സന്തോഷവാർത്തയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. അതിവേഗ ചെക്ക് ക്ലിയറിങ് നടപ്പാക്കാനൊരുങ്ങുകയാണ് ബാങ്കുകൾ. അതായത് ബാങ്കുകൾ ഇനി മുതൽ ചെക്കുകൾ അതേ ദിവസം തന്നെ പാസാക്കും / മടക്കി നൽകും. ഉപഭോക്താക്കൾക്ക് അതേ ദിവസം തന്നെ ക്രെഡിറ്റ് ലഭിക്കും. 2026 ജനുവരി 3 മുതലാണ് ബാങ്കുകളിൽ ഈ സംവിധാനം പ്രാബല്യത്തിൽ വരിക.
ചെക്കുകൾ നൽകി മണിക്കൂറുകൾക്കകം ക്ലിയർ ചെയ്യുകയും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുകയും ചെയ്യുന്നതാണ്. ഇതുവഴി വേഗത്തിലുള്ള ഫണ്ട് ലഭ്യത, മെച്ചപ്പെട്ട സൗകര്യം, കുറഞ്ഞ കാലതാമസം എന്നീ ഗുണങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
ചെക്ക് ബൗൺസാകുന്നത് ഒഴിവാക്കാൻ അക്കൗണ്ടിൽ മതിയായ ബാലൻസ് നിലനിർത്തുക. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്, നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടുക അല്ലെങ്കിൽ www.rbi.org.in സന്ദർശിക്കുക.