ബീഹാറിൽ മഹാസഖ്യത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചെങ്കിലും കാത്തിരിക്കുന്നത് വലിയ പരീക്ഷണമാണ്. 2020 ൽ നിതീഷ് നടത്തിയ ചാഞ്ചാട്ടത്തിൽ ഭരണം നഷ്ടമായ മഹാഗഡ്ബന്ധന് ഇത്തവണ വലിയ പ്രതീക്ഷയുണ്ട്. എന്നാൽ ആർജെഡി വന്നാൽ ജംഗിൾരാജ് എന്ന എൻഡിഎ പ്രചരണം ശക്തമാണ്. ലത്ബന്ധൻ എന്ന കള്ളസഖ്യമാണ് ഇതെന്ന മോദിയുടെ വിമർശനത്തിന് കിട്ടുന്ന കയ്യടിയെ മറികടക്കാൻ ഇൻഡ്യാസഖ്യം ഏറെ പണിപ്പെടേണ്ടിവരും. രാഹുൽഗാന്ധിയടക്കമുളള നേതാക്കൾ നല്ലപോലെ മനസ്സ് വെച്ചാലെ വിജയം ഉണ്ടാകു എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
2020 ലെ തെരഞ്ഞെടുപ്പിൽ മഹാഗഢ്ബന്ധന് നേതൃത്വം നൽകിയത് തേജസ്വിയാണ്. നിലവിലെ സിറ്റിംഗ് സീറ്റുകൾ, 2020 ൽ രണ്ടാം സ്ഥാനത്തെത്തിയ സീറ്റുകൾ, നേരിയ വ്യത്യാസത്തിന് പരാജയം ഏറ്റുവാങ്ങിയ സീറ്റുകൾ അതത് പാർട്ടികൾ തന്നെ മത്സരിച്ച് തിരിച്ചെടുക്കണം എന്ന തന്ത്രം ഇൻഡ്യാ സഖ്യം ഇത്തവണ പ്രയോഗിക്കുന്നു. കോൺഗ്രസ് ഇലക്ഷൻ സ്ട്രാറ്റജിസ്റ്റ് കൃഷ്ണ അല്ലാവരു ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. സഖ്യത്തിന് ലഭിച്ച 110 സീറ്റുകൾ വെച്ച് ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ 12 സീറ്റുകൾ മാത്രം കുറവായിരുന്നു. 75 സീറ്റോടെ ആർജെഡിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയായാവാനും കഴിഞ്ഞു. പക്ഷേ ഭരണം ലഭിച്ചില്ല. ഈ സാഹചര്യം മറികടക്കാനാണ് വികാസ് ശീൽ ഇൻസാഫിൻ്റെ മുകേഷ് സാഹ്നിക്കും സിപിഐഎംഎല്ലിനും കൂടുതൽ ഇട നൽകുന്നത്.
മറ്റൊന്ന് ജാതിസമവാക്യങ്ങളാണ്. മുസ്ലിം, യാദവ, ഇബിസി-ദളിത് കോമ്പിനേഷനാണ് മഹാഗഢ്ബന്ധൻ പയറ്റുന്ന തന്ത്രം. കോൺഗ്രസ് അപ്പർ കാസ്റ്റ് വോട്ടുകളിൽ കൂടുതൽ പേരെ നിർത്തുന്നുമുണ്ട്. എന്നാൽ രണ്ട് കാര്യങ്ങളിലാണ് മഹാഗഢ്ബന്ധന് ആശങ്കയുള്ളത്. വടക്കൻ ബിഹാറിൽ അടക്കം ഒവൈസിയുടെ മജ്‌ലിസ് പാർട്ടി മുസ്ലിം വോട്ടുകളെ ഭിന്നിച്ച് ബിജെപിക്ക് അനുഗ്രഹസാഹചര്യം സൃഷ്ടിക്കുമോ എന്നതാണ് വലിയ ആശങ്ക. മറ്റൊന്ന് ജൻ സുരാജിന് വേണ്ടിയിറങ്ങിയ പ്രശാന്ത് കിഷോറിന്റെ പരിപാടികൾക്ക് വരുന്ന ആൾക്കൂട്ടം. ദരിദ്രർക്കും കർഷകർക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുമെന്ന് ആർജെഡി പ്രഖ്യാപിച്ചിട്ടുണ്ട്. 85 ലക്ഷം ജീവിക കമ്മ്യൂണിറ്റി മൊബിലൈസർമാരുടെ വേതനം കൂട്ടും, 5 ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ, ബിഹാറിലെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി എന്നിവയും തേജസ്വി വാഗ്ദാനം ചെയ്യുന്നു.
പട്നയിൽ ക്രിക്കറ്റ് കളിച്ചുകൊണ്ട് നടന്നയാൾ പൊടുന്നനെ രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും രണ്ട് വർഷത്തിന് ശേഷം വൈശാലി ജില്ലയിലെ രാഘോപൂർ നിയമസഭാ സീറ്റിൽ അരങ്ങേറ്റം കുറിക്കുകയും പിന്നീട് വലിയ രാഷ്ട്രീയനേതാവാകുകയും ചെയ്തതാണ് തേജസ്വിയുടെ രാഷ്ട്രീയഗ്രാഫ്. ആ പക്വത തുണയാകും എന്ന് ഇൻഡ്യാസഖ്യം കരുതുന്നു. പക്ഷേ ആർജെഡി വന്നാൽ ജംഗിൾരാജ് വരുമെന്നും മഹാഗഢ്ബന്ധൻ ലത്ബന്ധനാണ് അഥവാ കള്ളസഖ്യമാണ് എന്നുമുള്ള മോദിയുടെ വാക്കുകളുടെ ജനകീയ സ്വീകാര്യത പൊളിക്കണമെങ്കിൽ വലിയ പ്രചാരണവും ഇനി ഇൻഡ്യാ സഖ്യം പുറത്തെടുക്കേണ്ടിയിരിക്കുന്നു. രാഹുൽഗാന്ധി അടക്കം അതിന് മനസ് വെക്കണം.



