ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് കണ്ടെത്തൽ. പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്ന് ബല്ലാരിയിലെ വ്യാപാരി ഗോവർദ്ധൻ മൊഴി നൽകി. പോറ്റിയുമായി ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുക്കാൻ പോകാനാണ് എസ്ഐടി സംഘത്തിൻ്റെ തീരുമാനം.
ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഈ നിർണായക വിവരംലഭിച്ചത്. ഇതോടെ പ്രത്യേക അന്വേഷണസംഘം അടിയന്തരമായി പോറ്റിയുമായി ബംഗളൂരുവിലേക്ക് പുറപ്പെടുകയായിരുന്നു. മോഷണക്കേസായതിനാൽ തൊണ്ടിമുതൽ കണ്ടെത്താനുള്ള നീക്കമാണ് അന്വേഷണസംഘം നിലവിൽ നടത്തുന്നത്.
മുരാരി ബാബു അന്വേഷണസംഘത്തിന് നൽകിയ മൊഴി മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ ഉൾപ്പെടെയുള്ളവരെ വെട്ടിലാക്കിയിരിക്കുകയാണ്. സ്വർണ്ണത്തെ ചെമ്പാക്കിയത് മുൻ ദേവസ്വം പ്രസിഡന്റ് എ പത്മകുമാർ, മുൻ കമ്മീഷണർ എൻ വാസു എന്നിവർ അറിഞ്ഞിരുന്നു എന്നാണ് മുരാരി ബാബുവിൻ്റെ മൊഴിയിൽ നിന്നും വ്യക്തമാക്കുന്നത്.
ചെമ്പു പാളി എന്നെഴുതിയത് എക്സിക്യൂട്ടീവ് ഓഫീസർ, ദേവസ്വം കമ്മീഷണർ, ദേവസ്വം ഭരണസമിതി എന്നിവർ കണ്ടിരുന്നു. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളാണ് ആദ്യം ചെമ്പ് എന്ന് എഴുതിയത് എന്നും മുരാരി ബാബു മൊഴി നൽകിയിരുന്നു. ദേവസ്വം ഭരണസമിതി അടക്കം ഇത് കണ്ടിട്ടും തിരുത്താൻ ശ്രമം നടത്തിയില്ല. അതുകൊണ്ടാണ് ദ്വാരപാലക ശില്പ പാളികളുടെ കാര്യത്തിലും ചെമ്പ് എന്ന് തന്നെ പിന്നീട് രേഖപ്പെടുത്തിയതെന്നായിരുന്നു മുരാരി ബാബു നൽകിയ മൊഴിയിൽ പറയുന്നത്. റിമാൻഡിലുള്ള മുരാരി ബാബുവിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിൻ്റെ നീക്കം.


