ആഭ്യന്തര യുദ്ധം മുറുകുന്നതിനിടെ സുഡാൻ സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രമായ സൈനിക ആസ്ഥാനവും പിടിച്ചെടുത്തതായി റാപിഡ് സപ്പോർട്ട് ഫോഴ്സ്. അൽ ഫാഷിർ നഗരത്തിലെ സൈനിക ആസ്ഥാനമാണ് കീഴടക്കിയത്. കഴിഞ്ഞ 18 മാസമായി അൽ ഫാഷിർ ആർ എസ് എഫിന്റെ നിയന്ത്രണത്തിലാണ്. “അൽ ഫാഷിർ ആറം ഡിവിഷനിലെ സുഡാൻ സൈനിക കേന്ദ്രം തകർത്തു. പ്രദേശത്തെ പൂർണ നിയന്ത്രണം ആർഎസ്എഫ് ഏറ്റെടുത്തു” എന്നാണ് ആർഎസ്എഫ് വക്താവ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ 18 മാസത്തോളമായി വടക്കൻ ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ അൽ ഫാഷിർ നഗരത്തിൽ ആർഎസ്എഫ് ഉപരോധമേർപ്പെടുത്തിയിരിക്കുകയായിരുന്നു. രണ്ട് വർഷത്തോളമായി സുഡാൻ സൈന്യവും അർധ സൈനിക വിഭാഗമായ ആർഎസ്എഫും തമ്മിൽ സംഘർഷത്തിലാണ്. സുഡാൻ സൈന്യത്തിൻ്റെ അവസാന ശക്തികേന്ദ്രം കൂടി പിടിച്ചെടുത്തതോടെ ആർഎസ്എഫ് നഗരത്തിന്റെ പൂർണ നിയന്ത്രണം കൈവൈശപ്പെടുത്തി. ആർ എസ് എഫിനെ സംബന്ധിച്ച് സുപ്രധാന രാഷ്ട്രീയ വിജയമാണിത്.
സുഡാനിൽ ഒരു സമാന്തര ഭരണകൂടം ഉടനുണ്ടാകുമെന്നാണ് സൂചനയാണ് ഈ പിടിച്ചെടുക്കൽ പ്രവർത്തി നൽകുന്നത്. രണ്ടുവർഷം മുമ്പ് ഖാർത്തൂമിൽ ആരംഭിച്ച സംഘർഷം ആഭ്യന്തര കലാപമായി മാറുകയായിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം കനത്തോടെ കോടിക്കണക്കിനാളുകൾ രാജ്യത്ത് നിന്ന് പലായനം ചെയ്തു. അതിലുമേറെ പേർ പട്ടിണിയിലായി. സംഘർഷം രൂക്ഷമാകുന്നതിനിടെ രാജ്യത്തെ സമാധാനം എന്ന് പുനഃസ്ഥാപിക്കാൻ കഴിയുമെന്ന ആശങ്കയിലാണ് ജനം.



