ഇടതുപക്ഷത്തോടുള്ള തൻ്റെ വിയോജിപ്പുകൾ ആത്മപരിശോധനയെന്ന് എഴുത്തുകാരൻ എം. മുകുന്ദൻ. ഓർമ വെച്ച നാൾ തുടങ്ങി താനൊരു ഇടതുപക്ഷക്കാരനാണെന്നും എം. മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ ഇടതുപക്ഷം വിട്ട് എങ്ങും പോകില്ലെന്നും ആരും അങ്ങനെ മോഹിക്കേണ്ടെന്നും മുകുന്ദൻ ഫേസ്ബുക്കിൽ കുറിച്ചു.
എം. മുകുന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഞാൻ ഇടതുപക്ഷത്തെ ഭയപ്പെടുന്നു എന്ന് പറഞ്ഞാൽ അതിന്റെ അർത്ഥം ഞാൻ എന്നെ തന്നെ ഭയപ്പെടുന്നു എന്നാണ്. കാരണം ഓർമ്മ വെച്ച നാൾ തുടങ്ങി ഞാനൊരു ഇടതുപക്ഷക്കാരനാണ്. ചിലപ്പോൾ ചില വിയോജിപ്പുകൾ പ്രകടിപ്പിക്കും. അത് ആത്മ പരിശോധനയാണ്. ഇടതുപക്ഷം വിട്ട് ഞാൻ എങ്ങും പോകില്ല. ആരും അങ്ങനെ മോഹിക്കേണ്ട.
ഇതിനകം തന്നെ നിരവധി പേരാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റുമായി എത്തിയിരിക്കുന്നത്. എം മുകുന്ദനെപ്പോലെ ലോകപ്രശസ്തനായ എഴുത്തുകാരന് എന്നും എപ്പോഴും ഇടതുപക്ഷത്തോടൊപ്പം നിൽക്കാനെ കഴിയൂവെന്ന തരത്തിൽ നിരവധി കമൻ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ ഒരാൾക്ക് സാധിക്കുമ്പോളാണ് പ്രസ്ഥാനം ജനാധിപത്യപരമായി നിലനിൽക്കുന്നത്. ഈ സ്വാതന്ത്ര്യം, രാഷ്ട്രീയ അടിമത്തത്തിലേക്കോ അന്ധമായ അനുസരണയിലേക്കോ വഴുതി വീഴുന്നതിൽ നിന്ന് ഇടതുപക്ഷത്തെ രക്ഷിക്കുന്നുവെന്നും കമൻ്റുകളുണ്ട്. ഇടതുപക്ഷം ഹൃദയപക്ഷമായി നാം കരുതുന്നതിനാലാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും കമൻ്റുണ്ട്.



