ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാൻ മന്ത്രി വി.എൻ. വാസവന്‍ നിര്‍ദേശം നല്‍കി. തീർത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. ഇത്തവണ കൂടുതല്‍ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും മന്ത്രി നിർദേശം നൽകി.
വെർച്വൽ ക്യൂ സംവിധാനത്തിൽ ഇത്തവണയും കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്ട്രേഷന്‍ സൗകര്യമുണ്ടാകുക. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി തീർഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. തീർഥാടകർക്ക് അപ്പവും അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതൽ 65 ലക്ഷം വരെ പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. നിലവിൽ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച തീർഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തവണ കേരളം മുഴുവന്‍ ലഭ്യമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്. തീർത്ഥാടകരുടെ സൗകര്യങ്ങൾ ഉറപ്പാക്കാൻ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു. സുരക്ഷിത തീർത്ഥാടനം ഉറപ്പാക്കാൻ വിവിധ ഭാഷകളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. തീർത്ഥാടന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റും. പമ്പയിലും സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സ്ഥാപിക്കും. വൈൽഡ് വാച്ച് എസ്എംഎസ് സംവിധാനം ഇത്തവണയും തുടരും.
തീർത്ഥാടന പാതയിൽ പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താൽക്കാലിക ലാബ് സ്ഥാപിക്കും. പമ്പയിൽ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ജലവിഭവ വകുപ്പ് ഒരുക്കും. തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും കുളിക്കടവുകളിലും പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. കനത്ത മഴക്കുള്ള സാഹചര്യമുള്ളതിനാൽ തീർഥാടകരുടെ സുരക്ഷക്കായി പ്രത്യേക ഹസാർഡ് മെഷർമെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർത്ഥാടകർക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂർ സംവിധാനങ്ങൾ പ്രവർത്തിക്കും. 15 എമർജൻസി മെഡിക്കൽ സെന്ററുകൾ തുറക്കും. പമ്പയിലേക്കുള്ള മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും.
ശബരിമല സീസൺ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിൽനിന്നു കെഎസ്ആർടിസി സ്‌പെഷൽ സർവിസുകൾ നടത്തും. പത്തനംതിട്ടയിലും സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പ്രത്യേക ശുചിമുറികൾ ഒരുക്കും. അജൈവ മാലിന്യങ്ങൾ സംഭരിക്കുന്നതിന് ക്ലീൻ കേരള കമ്പനിയുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷൻ ബിന്നുകൾ സ്ഥാപിക്കും. പമ്പയിലും, ശബരിമലയിലും ഓരോ മണിക്കൂറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും.



