രണ്ടു മാസത്തെ ഇടവേളയ്ക്കുശേഷം കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. ഗവർണർ പങ്കെടുക്കുന്ന സെനറ്റ് യോഗത്തിന് ശേഷമായിരിക്കും സിൻഡിക്കേറ്റ്. രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിൻ്റെ സസ്പെൻഷനാണ് സിൻഡിക്കേറ്റിൻ്റെ പ്രധാന അജണ്ട.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിൻ്റെ വിഷയമാണ് പ്രധാന ചർച്ച വിഷയം. ഒപ്പം യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സിൻഡിക്കേറ്റ് ഉപസമിതിയുടെ ശുപാർശ, കാര്യവട്ടം ക്യാമ്പസിലെ എസ് എഫ് ഐ നേതാവിന് അനധികൃതമായി പി എച്ച് ഡിയ്ക്ക് ശുപാർശ ചെയ്തത് അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയായും. അതു കൊണ്ട് തന്നെ യോഗം പ്രക്ഷുബ്‌ദമാകും എന്നതിൽ തർക്കമില്ല.
അനിൽകുമാർ സസ്പെൻഷനിലായിരുന്ന കാലയളവിൽ വി.സിയുടെ വിലക്ക് ലംഘിച്ച് അനധികൃതമായി ഫയലുകളിൽ ഒപ്പുവെച്ചതായും ഔദ്യോഗിക വാഹനം ഉപയോഗിച്ചതായുമുള്ള പരാതി ലഭിച്ചിരുന്നു. തുടർന്ന് വി.സി ചുമതലപ്പെടുത്തിയ ജോയിൻറ് രജിസ്ട്രാർ സിന്ധു ജോർജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ റിപ്പോർട്ട് വിസി സിൻഡിക്കേറ്റിൻ്റെ പരിഗണനയ്ക്ക് വയ്ക്കും.
ഈ കാലയളവിൽ അനിൽകുമാർ 522 ഫയലുകളിൽ അനധികൃതമായി തീർപ്പ് കൽപ്പിച്ചതായും, യൂണിവേഴ്സിറ്റി സീൽ അനധികൃതമായി ഉപയോഗിച്ചതായും, വിദേശത്തേക്ക് പോകുന്ന നിരവധി വിദ്യാർഥികൾക്ക് പാസ്പോർട്ടിനുള്ള സർട്ടിഫിക്കറ്റ് നൽകിയതായും, സസ്പെൻഷൻ കാലയളവിൽ അനധികൃതമായി ഓഫീസിൽ പ്രവേശിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയതായും അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
അനിൽകുമാറിനെതിരെയുള്ള നടപടികളിൽ ക്രിമിനൽ കുറ്റപത്രം നൽകി വിശദമായ അന്വേഷണം ആവശ്യമാണെന്നും സർവീസിൽ പ്രവേശിപ്പിക്കുന്നത് നിഷ്പക്ഷമായ അന്വേഷണത്തിന് തടസമാകുമെന്നും, വിശദമായി അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും വി.സി സിൻഡിക്കേറ്റിന് നൽകിയ കുറിപ്പിൽ പറയുന്നുണ്ട്. സിൻഡിക്കേറ്റ് അംഗങ്ങളായ എല്ലാ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.



