ലോകത്തിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്റെ പതിനൊന്നാം വാര്‍ഷികാഘോഷം ചലച്ചിത്രനടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. വിസ്മയങ്ങളും നന്മയും കൈകോര്‍ക്കുന്ന സ്വര്‍ഗതുല്യമായ ഒരിടമാണ് മാജിക് പ്ലാനറ്റെന്ന് ഉദ്ഘാടനത്തിനിടെ അദ്ദേഹം പറഞ്ഞു. ഡിഫറന്റ് ആര്‍ട് സെന്റര്‍ ചെയര്‍മാന്‍ ജിജി തോംസണ്‍ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യകാരന്‍ സലിന്‍മാങ്കുഴി മുഖ്യാതിഥിയായി. നാടന്‍പാട്ടിന്റെ വിസ്മയങ്ങളുമായി ആദ്യകലാഭവന്‍ മണി അവാര്‍ഡ് ജേതാവ് സന്തോഷ് ബാബുവിനെ മെമെന്റോയും പൊന്നാടയും നല്‍കി ആദരിച്ചു. തുടര്‍ന്ന് നടന്ന സന്തോഷിന്റെ നാടന്‍ പാട്ടുകളുടെ ആലാപനം ആഘോഷങ്ങള്‍ക്ക് ഉത്സവഛായ പകര്‍ന്നു. ഡി.എ.സി ഡയറക്ടര്‍ ഷൈലാതോമസ് സ്വാഗതവും ഓപ്പറേഷന്‍സ് മാനേജര്‍ സുനില്‍രാജ് സി.കെ നന്ദിയും പറഞ്ഞു.
2014ല്‍ ഒക്ടോബര്‍ 31നാണ് മാജിക് പ്ലാനറ്റ് ആരംഭിച്ചത്. ഇന്ദ്രജാലത്തിന്റെയും ഇന്ദ്രജാലക്കാരുടെയും തെരുവുജാലവിദ്യക്കാരുടെയും ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച പ്ലാനറ്റ് സാമൂഹ്യപ്രതിബദ്ധതയോടെ നിരവധി പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഇന്ദ്രജാലത്തിന്റെ മ്യൂസിയം എന്ന പേരില്‍ അറിയപ്പെടുന്ന മാജിക് പ്ലാനറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി ഡിഫറന്റ് ആര്‍ട് സെന്റര്‍ കൂടി ആരംഭിക്കുവാന്‍ കഴിഞ്ഞത് വലിയൊരു മൂന്നേറ്റമായി. നിരവധി തത്സമയഷോകള്‍ അരങ്ങേറുന്ന മാജിക് പ്ലാനറ്റ് ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുവാനും കഴിഞ്ഞിട്ടുണ്ട്. വിനോദത്തിനൊപ്പം വിജ്ഞാനവും ജീവിത അവബോധവുമൊക്കെ പ്രദാനം ചെയ്യുന്ന വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ സുരക്ഷിത ഉല്ലാസ കേന്ദ്രമാണ് മാജിക് പ്ലാനറ്റ്.



