സുഡാനിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് ജർമ്മനിയും ജോർദാനും ബ്രിട്ടനും. അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് ദർഫാർ പ്രദേശം പിടിച്ചെടുത്തതിനെ തുടർന്ന് എൽ ഫാഷറിൽ ഒരു ആശുപത്രിയിൽ 450 പേരെ കൊലപ്പെടുത്തിയിരുന്നു. വംശീയ കൂട്ടക്കൊലകളും ലൈംഗിക അതിക്രമങ്ങളും നടന്നതായി റിപ്പോർട്ടുകളുണ്ട്.
സുഡാൻ സൈന്യമായ സുഡാൻ ആംഡ് ഫോഴ്‌സസ് സുരക്ഷിതമായ ഇടത്തേക്ക് പിന്മാറിയതായി സൈനിക മേധാവി അബ്ദുൾ ഫത്താ അൽ ബുർഹാൻ പറഞ്ഞു. സുഡാനിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും , സുഡാൻ ആംഡ് ഫോഴ്‌സസും തമ്മിലുള്ള പോരാട്ടത്തിൽ ഇതുവരെ നാൽപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ.
1.4 കോടി പേർ ആക്രമണങ്ങളെ തുടർന്ന് പലായനം ചെയ്തിരുന്നു. സായുധസംഘം നൂറ് കണക്കിനാളുകളെ വെടിവെച്ചുകൊല്ലുന്ന ദൃശ്യം പുറത്തുന്നിരുന്നു. സുഡാനിലേത് അതിഭീകര സാഹചര്യമെന്ന് യു എൻ പറഞ്ഞു. സുഡാൻ സൈന്യവുമായി മാസങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ എൽ ഫാഷർ നഗരം ആർഎസ്‌എഫ് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘം കൂട്ടക്കൊലകളുടെ ഒരു പരമ്പര തന്നെ നടന്നതായാണ് റിപ്പോർട്ട്.


