അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ വീണ്ടും അവകാശവാദവുമായി കായിക മന്ത്രി വി. അബ്ദുറഹിമാൻ. മത്സരം മാർച്ചിൽ നടക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. അർജന്റീന ടീം ഇക്കാര്യം അറിയിച്ചു. വൈകാതെ പ്രഖ്യാപനം നടത്താമെന്ന് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് കായിക സെമിനാറിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. മെസി വരുമോ ഇല്ലയോ എന്നത് സംബന്ധിച്ച് പ്രഖ്യാപനത്തിൽ മന്ത്രി വ്യക്തത വരുത്തിയില്ല.
മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്ക് വരില്ല എന്നത് കായിക മന്ത്രിയെ വലിയ തോതില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം. ഫിഫ അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത വിന്‍ഡോയില്‍ അർജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്പോണ്‍സർമാരുടെ അവകാശവാദം.
കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകളാണ് പ്രഖ്യാപിച്ചിരുന്നത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി. ടിക്കറ്റ് വില 5,000 മുതൽ 50 ലക്ഷം വരെയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.



