ഇന്നത്തെ കാലഘട്ടത്തിൽ സുരക്ഷയേയും സൈബർ ആക്രമണത്തേയും കുറിച്ചുള്ള വെല്ലുവിളികളെ കുറിച്ചുള്ള തൻ്റെ ചിന്തകൾ പങ്കുവച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മധ്യപ്രദേശിലെ റേവയിലെ ടിആർഎസ് കോളേജിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്കും എനിക്കും പൂർണമായും അറിയില്ല. ഇന്ന് എന്താണ് ചെയ്യുന്നത്, നാളെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് പോലും അറിയില്ലെന്നും കരസേനാ മേധാവി കൂട്ടിച്ചേർത്തു.
വെല്ലുവിളികൾ ഒന്നിന് പിറകെ ഒന്നായി വരുന്നു. ആദ്യം ഉണ്ടായ വെല്ലുവിളിയെ പറ്റി മനസിലാക്കി വരുമ്പോഴേക്കും അടുത്തത് വന്നിരിക്കും. അതിർത്തിയിലായാലും, തീവ്രവാദമായാലും, പ്രകൃതിദുരന്തമായാലും, സൈബർ യുദ്ധമായാലും, നമ്മുടെ സൈന്യം നേരിടുന്നതൊക്കെ ഇത്തരത്തിലുള്ള വെല്ലുവിളിയാണ്. വരും ദിവസങ്ങളിൽ രാജ്യം നേരിടുന്ന വെല്ലുവിളികൾ അസ്ഥിരത, അനിശ്ചിതത്വം, സങ്കീർണത, അവ്യക്തത എന്നിവയായിരിക്കുമെന്നും കരസേനാ മേധാവി ജനറൽ പറഞ്ഞു.



