ബ്രസീലിലെ മരിയാന അണക്കെട്ട് തകർന്നിട്ട് ഇന്നേക്ക് പത്ത് വർഷം തികയുകയാണ്. അന്ന് അണക്കെട്ട് തകർന്ന് പുറത്തേക്ക് കുതിച്ചൊഴുകിയ ചെളിയിലും അവശിഷ്ടങ്ങളിലും 19 ജീവനുകളാണ് പൊലിഞ്ഞത്. ദുരന്തം നടന്ന് പത്ത് വർഷത്തിന് ശേഷവും പാരിസ്ഥിതിക പ്രശ്നങ്ങളിൽ വലയുകയാണ് ഇവിടുത്തെ ജനങ്ങൾ.
2015 നവംബർ 5 നാണ് ബ്രസീലിലെ മരിയാനയിൽ ഇരുമ്പയിര് ഖനിയോട് ചേർന്ന അണക്കെട്ട് തകർന്നത്. അണക്കെട്ട് തകർന്ന് നിമിഷങ്ങൾക്കുള്ളിൽ 60 ദശലക്ഷം ക്യൂബിക് മീറ്റർ ഇരുമ്പയിര് മാലിന്യവും ചെളിയും പുറത്തേയ്ക്കൊഴുകി. അപകടത്തിൽ അന്ന് 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.600 ഓളം ആളുകൾക്ക് വീട് നഷ്ടപ്പെട്ടു. നേരിട്ടും അല്ലാതെയും രണ്ട് ലക്ഷത്തിലധികം ആളുകളെയാണ് ദുരന്തം ബാധിച്ചത്.
ഓസ്ട്രേലിയൻ കമ്പനിയായ ബിഎച്ച്പി, ബ്രസീലിയൻ കമ്പനിയായ വെയ്ൽ എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇരുമ്പയിര് ഖനിയുടെ അണക്കെട്ടായിരുന്നു അന്ന് തകർന്നത്. ഇരുമ്പയിര് ഖനികളോട് ചേർന്നുളള അണക്കെട്ടുകൾ തകരുമ്പോൾ വൻ പരിസ്ഥിതി ആഘാതം പതിവാണ്. ഇരുമ്പയിര് വേർതിരിച്ച ശേഷം ഉണ്ടാകുന്ന ഉപോൽപ്പന്നങ്ങളും ചെളിവെളളവുമാണ് ഈ അണക്കെട്ടിലുണ്ടാകുക.
അണക്കെട്ടിൻ്റെ നിർമാണത്തിലുണ്ടായ അപാകതകളും മറ്റ് അറ്റകുറ്റ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തതുമായിരുന്നു അപകട കാരണം.എന്നാൽ കമ്പനി അത് അംഗീകരിച്ചില്ല. കമ്പനിക്കെതിരെ ബ്രസീലിയൻ കോടതി കുറ്റം ചുമത്തിയെങ്കിലും 2017 ൽ ക്രിമിനൽ കേസ് താൽക്കാലികമായി നിർത്തിവച്ചു.
ബ്രസീലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പാരിസ്ഥിത ദുരന്തമായിരുന്നു മരിയാനയിലേത്. ദുരന്തം നടന്ന് പത്ത് വർഷമായെങ്കിലും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളാൽ വലയുകയാണ് പ്രദേശവാസികൾ. റിയോ ഡോസ് നദിക്കരയുടെ നൂറ് കിലോമീറ്റർ അധികം പൂർണമായി നാമാവശേഷമായിരുന്നു. ചെളിയുടെ അവശിഷ്ടങ്ങൾ സമുദ്രത്തിലെത്തി മത്സ്യങ്ങൾ കൂട്ടമായി ചത്തൊടുങ്ങുകയും ചെയ്തു. ദുരന്തത്തിൻ്റെ ഇരകൾ പലരും ഇപ്പോഴും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കമ്പനിക്കെതിരെയുള്ള നിയമപരമായ പോരാട്ടത്തിലാണ്.



