ന്യൂയോർക്ക് സിറ്റി തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം സ്വന്തമാക്കി ഡെമോക്രാറ്റിക് സ്ഥാനാർഥി സൊഹ്റാൻ മംദാനി. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ മുസ്ലീം വിഭാഗത്തിൽ നിന്നുള്ള ഒരാൾ ന്യൂയോർക്ക് സിറ്റിയുടെ മേയർ സ്ഥാനത്തേക്ക് വിജയിക്കുന്നത്. നൂറു വർഷത്തിനിടെ ന്യൂയോർക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34കാരനായ മംദാനി.
സിറ്റി തെരഞ്ഞെടുപ്പിൽ തുടക്കം മുതൽ വ്യക്തമായ ലീഡ് നിലനിർത്തിയിരുന്ന മംദാനി ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്ന ആൻഡ്രൂ ക്യൂമോയെയാണ് പരാജയപ്പെടുത്തിയത്. 20 ലക്ഷത്തോളം പേരാണ് ഇത്തവണ മേയർ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത്. 1969 നു ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് കൂടിയാണിത്.
ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് മീര നായരുടേയും ഉഗാണ്ടൻ അക്കാദമീഷ്യൻ മഹമൂദ് മംദാനിയുടേയും മകനാണ് സൊഹ്റാൻ മംദാനി.മേയർ തെരഞ്ഞെടുപ്പിൻ്റെ തുടക്കത്തിൽ തന്നെ മംദാനിക്ക് വിജയ സാധ്യത പ്രഖ്യാപിച്ചിരുന്നു.
ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് ന്യൂയോർക്കിലെ മംദാനിയുടെ വിജയം. അതേസമയം, വിർജീനിയയ്ക്ക് ആദ്യ വനിതാ ഗവർണറായി ഡെമോക്രാറ്റിൻ്റെ ആബിഗെയ്ൽ സ്പാൻബെർഗറും വിജയം സ്വന്തമാക്കി.



