സൂപ്പർ കപ്പ് ഗ്രൂപ്പ് ഡിയിലെ നിർണായക പോരാട്ടത്തിൽ ഇന്ന് മുംബൈ സിറ്റി എഫ്‌സിയെ നേരിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ മത്സരത്തിൽ സമനില നേടിയാൽ പോലും ടീമിന് സെമി ഫൈനൽ ഉറപ്പിക്കാം. ഫറ്റോർഡയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ആവേശപ്പോരാട്ടം. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ ജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ഗ്രൂപ്പ് ഘട്ടം മികച്ച രീതിയിൽ പൂർത്തിയാക്കാനും മൂന്ന് പോയിൻ്റും നേടുകയുമാണ് കേരള ടീമിൻ്റെ ലക്ഷ്യം.
കയ്യെത്തും ദൂരത്ത് സെമി ഫൈനൽ സ്ഥാനമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഈ നിർണായക മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത് പൂർണ ആത്മവിശ്വാസത്തോടെ സെമിയിൽ കയറാനാവും ശ്രമിക്കുക. മുംബൈക്കെതിരായ ഈ കളി എളുപ്പമാകില്ലെന്ന് മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റല പറഞ്ഞു.
“സെമി ഫൈനൽ സ്ഥാനം ഉറപ്പിക്കാൻ പോകുന്ന ഈ മാച്ചിനെ ശ്രദ്ധയോടെയാവും നേരിടുക. ഞങ്ങളുടെ ടീം ആക്രമണത്തിൽ മികച്ച ഒത്തിണക്കം നേടിയിട്ടുണ്ട്. കൂടാതെ പന്ത് കൂടുതൽ സമയം കൈവശം വച്ച് കളിക്കാനും ഞങ്ങൾക്കിപ്പോൾ ആത്മവിശ്വാസമുണ്ട്. കളിക്കാർ സംയമനം പാലിക്കുന്നതും, അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധിക്കുന്നതുമാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. അത് തുടരാൻ തന്നെയാവും ഞങ്ങൾ ഈ മത്സരത്തിലും ശ്രമിക്കുക,” ഡേവിഡ് കാറ്റല പറഞ്ഞു.
കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടി ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡി യിൽ ഒന്നാമതാണ്. കാറ്റലയുടെ ശൈലിയുടെ പ്രതിഫലനമെന്നോണം ലക്ഷ്യബോധത്തോടെയും നിയന്ത്രണത്തോടെയും കളിക്കാൻ ടീമിനായി. സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയെറ്റ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി മികച്ച ഫോമിലാണ്. ഹുവാൻ റോഡ്രിഗസ്, ബികാഷ് യുമ്നം എന്നിവരടങ്ങിയ പ്രതിരോധം ഈ ടൂർണമെൻ്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. നാല് ഗോളുകൾ നേടുകയും രണ്ട് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ബ്ലാസ്റ്റേഴ്സ് ഈ ടൂർണമെൻ്റിലെ മികച്ച ടീമുകളിൽ ഒന്നാണ്.
മുംബൈ സിറ്റി എഫ്‌സിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം ജയിച്ചേ തീരൂവെന്ന അവസ്ഥയിലാണ്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡിനോട് തോറ്റതോടെ അവർ നിലവിൽ മൂന്ന് പോയിൻ്റുമായി ഗ്രൂപ്പിൽ രണ്ടാമതാണ്. സെമി സാധ്യത നിലനിർത്താൻ അവർക്ക് ജയം അനിവാര്യമാണ്. വൻ ഗോൾ മാർജിൻ ജയം നേടുകയും ചെയ്യണം. ജയത്തിൽ കുറഞ്ഞതെന്തും മുംബൈയെ പുറത്താക്കും. അതുകൊണ്ട് തന്നെ പീറ്റർ ക്രാറ്റ്കിയുടെ ടീം ബ്ലാസ്റ്റേഴ്‌സിനെതിരെ ശക്തമായ ആക്രമണമാകും നടത്തുക.



