കഴിഞ്ഞ മണ്ഡലകാല സമയത്ത് ശബരിമലയിൽ ഡ്യൂട്ടി ചെയ്ത പാരാമെഡിക്കൽ ജീവനക്കാർക്ക് ഒരു വർഷമായിട്ടും അലവൻസ് ഇല്ല. ഡിസംബർ രണ്ടാം വാരം മുതൽ ജോലി ചെയ്ത പാരാമെഡിക്കൽ ജീവനക്കാർക്കാണ് ഇതുവരെയും ജോലിയെടുത്ത തുക കിട്ടാത്തത്. ട്രഷറിയിലെ കാലതാമസം ആണെന്നാണ് വിശദീകരണം. അതിനിടെ ഡോക്ടർമാർക്ക് ഏഴു ദിവസം ശബരിമല ഡ്യൂട്ടി എന്നത് 10 ദിവസം ആക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
മണ്ഡലകാല ഡ്യൂട്ടി കഴിയുമ്പോൾ നേരിട്ട് തന്നെ നൽകിയിരുന്ന തുക ദേവസ്വം ബോർഡ് പിന്നീട് ബാങ്ക് അക്കൗണ്ട് വഴിയാക്കി. പക്ഷേ കഴിഞ്ഞവർഷം ഈ പതിവ് എല്ലാം തെറ്റിച്ചു. അടുത്ത മണ്ഡലകാലം തുടങ്ങാറായിട്ടും കഴിഞ്ഞ വർഷത്തെ തുക ഇതുവരെ നൽകിയിട്ടില്ല. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസ് വഴിയാണ് തുക അനുവദിച്ചു കിട്ടേണ്ടത് ഇതുമായി ബന്ധപ്പെട്ട് പലതവണ അധികൃതരെ ബന്ധപ്പെട്ടെങ്കിലും തുക മാത്രം ലഭിച്ചില്ല. ഇതിനിടെ ഈ മണ്ഡലകാല സീസണിലേക്കുള്ള ഡ്യൂട്ടിയുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
ശബരിമല ഡ്യൂട്ടിയിൽ പാരാമെഡിക്കൽ ജീവനക്കാരുടെ എണ്ണം കുറവായിരിക്കും. പലരും 24 മണിക്കൂർ വരെ 10 മുതൽ 14 ദിവസം ജോലി എടുക്കേണ്ട അവസ്ഥയുണ്ട്. ആഹാരത്തിൻ്റെ കാര്യത്തിൽ പോലും വേർതിരിവ് ഉണ്ടെന്ന് ജീവനക്കാർ പറയുന്നു. ഇതിനിടെ ശബരിമല ഡ്യൂട്ടി ദിനങ്ങളുടെ എണ്ണം കൂട്ടിയതിനെതിരെ ഡോക്ടർമാരും രംഗത്തെത്തി. കഴിഞ്ഞ വർഷം വരെ ഏഴു ദിവസമായിരുന്നു ഒരാൾ ഡ്യൂട്ടി എടുക്കേണ്ടിയിരുന്നത്, എന്നാൽ ഇത്തവണ അത് പത്താക്കിയാണ് ഉത്തരവിറങ്ങിയത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ചതിനെ തുടർന്ന് പട്ടിക ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്.



