ലിയോ പതിനാലാമൻ മാർപാപ്പയുടെ ഇഷ്ട ചിത്രങ്ങളെപ്പറ്റിയാണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ച. കത്തോലിക്കാ സഭയുടെ വിശുദ്ധ വർഷാചരണത്തിന്റെ ഭാഗമായി സിനിമാ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തന്റെ ഇഷ്ട ചിത്രങ്ങള്‍ മാർപാപ്പ പട്ടികപ്പെടുത്തിയത്.
ഫ്രാങ്ക് കാപ്രയുടെ 1946 ൽ പുറത്തിറങ്ങിയ ക്ലാസിക് ചിത്രം ‘ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ്’ ഉൾപ്പെടെയുള്ള സിനിമകളാണ് പോപ്പ് തന്റെ ഇഷ്ട ചിത്രങ്ങളായി തെരഞ്ഞെടുത്തത്. ജെയിംസ് സ്റ്റുവർട്ട് അഭിനയിച്ച ഈ സിനിമയിൽ, നിരാശനായ ഒരു കുടുംബസ്ഥനെ സഹായിക്കാൻ സ്വർഗത്തിൽ നിന്ന് ഒരു മാലാഖ എത്തുന്നതാണ് ഇതിവൃത്തം. റോബർട്ട് വൈസിന്റെ മ്യൂസിക്കൽ ഡ്രാമ ‘ദി സൗണ്ട് ഓഫ് മ്യൂസിക്’ (1965), റോബർട്ട് റെഡ്ഫോർഡിന്റെ ഫാമിലി ഡ്രാമ ‘ഓർഡിനറി പീപ്പിൾ’ (1980), റോബർട്ടോ ബെനിഗ്നിയുടെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ (1997) എന്നിവയാണ് പോപ്പിന്റെ എക്കാലത്തെയും ഇഷ്ടചിത്രങ്ങൾ.
ലെറ്റർബോക്സ് പോലുള്ള മൂവി റിവ്യൂ ആപ്പുകളിൽ പോപ്പിന്റെ സിനിമാഭിരുചിയെ പ്രശംസിക്കുകയാണ് സിനിമാപ്രേമികൾ. പട്ടികയിൽ ‘ഓർഡിനറി പീപ്പിൽ’ ഇടം പിടിച്ചതാണ് ഇവരിൽ പലരേയും അത്ഭുതപ്പെടുത്തിയത്. സെക്യുലർ സ്വഭാവമുള്ള സിനിമ കുടുംബമൂല്യങ്ങളെപ്പറ്റിയാണ് സംസാരിക്കുന്നത്. ഇത്ര ഇമോഷണലായ ഒരു സിനിമ എടുത്ത റോബർട്ട് റെഡ്ഫോർഡിനെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് തമാശരൂപേണ പോപ്പിനോട് ആവശ്യപ്പെടുന്നവരേയും ലെറ്റർബോക്സിൽ കാണാം. ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തേയും എടുത്തുകാട്ടുന്നവരുണ്ട്. നാസി കൊണ്‍സെൻട്രേഷൻ ക്യാംപ് പശ്ചാത്തലമാക്കി ഒരുക്കിയ ഈ സിനിമ മാനുഷിക മൂല്യങ്ങള്‍ എടുത്തുകാട്ടുന്ന സിനിമയാണ്. പോപ്പിന്റെ ഇഷ്ട സിനിമകൾ പോപ്പിന്റെ നിലപാട് കൂടിയാണ് വ്യക്തമാക്കുന്നത് എന്നാണ് ചലച്ചിത്രപ്രേമികൾ അഭിപ്രായപ്പെടുന്നത്.
അതേസമയം, വത്തിക്കാനും ഹോളിവുഡും തമ്മിലുള്ള വിടവ് നികത്താനുള്ള ശ്രമത്തിലാണ് ലിയോ പതിനാലാമൻ മാർപ്പാപ്പ. സിനിമാ വ്യവസായത്തിലെ ചില പ്രമുഖരുമായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. കേറ്റ് ബ്ലാഞ്ചെറ്റ്, ക്രിസ് പൈൻ, ആദം സ്കോട്ട്, സ്പൈക്ക് ലീ എന്നിവരുൾപ്പെടെയുള്ളവരെയാണ് പോപ്പ് കാണുക. “സഭയുടെ ദൗത്യത്തിനും” “മാനുഷിക മൂല്യങ്ങളുടെ ഉന്നമനത്തിനും” സിനിമാ മേഖലയ്ക്ക് ഏതുവിധത്തിൽ സംഭാവന ചെയ്യാനാകുമെന്ന് അറിയാനുള്ള ശ്രമത്തിലാണ് മാർപാപ്പ എന്നാണ് വത്തിക്കാൻ അറിയിക്കുന്നത്.



