രക്തധമനികളെ ബാധിക്കുന്ന വാസ്കുലാർ രോഗങ്ങൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സാ രീതികൾ എന്നിവയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി നടത്തുന്ന രാജ്യവ്യാപക ക്യാംപെയ്ൻ ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’യുടെ ഭാഗമായി കോട്ടയത്ത് വാക്കത്തോൺ സംഘടിപ്പിച്ചു. വാസ്കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ സംഘടിപ്പിച്ച വാക്കത്തോൺ കളക്ടർ ചേതൻ കുമാർ മീണ ഫ്ലാഗ്ഓഫ് ചെയ്തു. വാസ്കുലർ രോഗങ്ങളുടെ മുൻകൂട്ടിയുള്ള നിർണയം, സമയബന്ധിത ചികിത്സ എന്നിവയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാക്കത്തോണിന്റെ ലക്ഷ്യം. വാസ്കുലർ രോഗങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കാരണം കൈകാലുകൾ മുറിച്ചുമാറ്റേണ്ട ഗുരുതരമായ അവസ്ഥയിലേക്ക് രോഗികൾ നയിക്കപ്പെടുന്നു. പ്രത്യേകിച്ചും പ്രമേഹരോഗികളിലാണ് ഈ സാഹചര്യം കൂടുതലായുള്ളത്. രോഗം ബാധിച്ചുകഴിഞ്ഞാൽ, ഒരു വാസ്കുലർ സർജൻ്റെ കൃത്യസമയത്തുള്ള ഇടപെടൽ അനിവാര്യമാണ്. ആൻജിയോപ്ലാസ്റ്റി, ബൈപാസ് സർജറി പോലുള്ള നൂതന ചികിത്സാരീതികളിലൂടെ 95% വരെ അംഗവിഛേദം ഒഴിവാക്കാം.
നെഹ്റു സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച വാക്കത്തോൺ റെയിൽവേ സ്റ്റേഷൻ, ശാസ്ത്രി റോഡ്, ബേക്കർ ജംഗ്ഷൻ എന്നിവയിലൂടെ പ്രവേശിച്ച് തിരികെ നെഹ്റു സ്റ്റേഡിയത്തിൽ സമാപിച്ചു. ആരോഗ്യമേഖലയിലെ വിദഗ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ തുടങ്ങി ഇരുനൂറിലധികം ആളുകൾ പങ്കെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാർ, ജനറൽ സർജറി വിഭാഗം മേധാവി ഡോ. ബിന്നി ജോൺ, ഡോ. ടോം എന്നിവർ സംസാരിച്ചു. ‘ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ’ ദേശീയ ക്യാംപെയിന്റെ ഭാഗമായി വിവിധ മേഖലകളിൽ ആരോഗ്യ പ്രവർത്തനങ്ങളും ബോധവൽക്കരണ സദസുകളും സംഘടിപ്പിക്കുമെന്ന് വാക്കത്തോൺ സംഘാടക സമിതി സെക്രട്ടറി വിഷ്ണു വി പറഞ്ഞു.



