മധ്യ വിയറ്റ്നാമിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം 41 ആയി. കാണാതായ ഒമ്പത് പേർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മധ്യ വിയറ്റ്നാമിന്റെ പല ഭാഗങ്ങളിലും 1,500 മില്ലിമീറ്ററിൽ അധികം മഴ പെയ്തതായാണ് റിപ്പോർട്ട്.
ദിവസങ്ങളായി തുടരുന്ന വിവിധ മേഖലകളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാങ് എന്നിവടങ്ങളിലാണ് ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങളുണ്ടായത്. 52,000-ത്തിലധികം വീടുകളെ വെള്ളപ്പൊക്കം ബാധിച്ചു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുടനീളം പതിനായിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ലാം ഡോങ് പ്രവിശ്യയിലെ ഡാ നിഹിം നദിയിലെ ഒരു തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചു പോയതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
മണ്ണിടിച്ചിലിൽ പ്രധാന റോഡുകളും ഹൈവേകളും തകർന്നതിനെ തുടർന്ന് ലാം ഡോങ് പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ വരെ വിയറ്റ്നാമിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ രണ്ട്. ബില്യൺ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.


