യുക്രെയ്‌നെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നൽകിയിട്ടും യുക്രെയ്‌നിലെ നേതൃത്വം യുഎസിനോട് ഒരു വിധത്തിലുള്ള നന്ദിയും കാണിച്ചില്ലെന്ന് ട്രംപ് വിമർശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിൻ്റെ വിമര്‍ശനം.
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത, അനാവശ്യമായി ദശലക്ഷക്കണക്കിനാളുകള്‍ മരിച്ച ഒരു യുദ്ധമാണ് എൻ്റെ മുന്‍ഗാമിയിലൂടെ ലഭിച്ചത്. യുക്രൈയ്ൻ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് ആണെങ്കിൽ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നത് തുടരുകയും ചെയ്യുന്നു. യുക്രെയ്നിൽ വിതരണം ചെയ്യാന്‍ യുഎസ് നാറ്റോയ്ക്ക് വലിയ അളവില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നുണ്ടെന്നും ട്രംപ് കുറിച്ചു.
താന്‍ വീണ്ടും പ്രസിഡൻ്റായി അധികാരമേല്‍ക്കുന്നതിന് മുന്‍പ്, ഉറക്കം തൂങ്ങിയായ ജോ ബൈഡൻ്റെ കാലത്താണ് റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. 2020ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നില്ലായിരുന്നെങ്കില്‍ യുക്രെയ്ൻ-റഷ്യ യുദ്ധം ഉണ്ടാകുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അക്രമാസക്തവും ഭീകരവും ആണെന്ന് ട്രംപ് വിശേഷിപ്പിച്ചു. യുഎസിലും യുക്രെയ്നിലും ശക്തവും കൃത്യതയുള്ളതുമായ നേതൃത്വം ഉണ്ടായിരുന്നെങ്കില്‍ ആ യുദ്ധം ഒരിക്കലും നടക്കില്ലായിരുന്നു എന്നും ട്രംപ് അവകാശപ്പെട്ടു. നാല് വർഷത്തോളമായി നീണ്ടുനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള തൻ്റെ പദ്ധതിക്ക് അംഗീകാരം നൽകാൻ ട്രംപ് യുക്രെയ്ന് നവംബർ 27 വരെ സമയം നൽകിയിട്ടുണ്ട്.



