‘ലക്കി ഭാസ്കർ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന തെലുങ്ക് ചിത്രം ‘ആകാശംലോ ഒക താര’യെ പുകഴ്ത്തി നടനും സംഗീത സംവിധായകനുമായ ജി.വി. പ്രകാശ് കുമാർ. തന്റെ വരാനിരിക്കുന്ന ചിത്രങ്ങളെപ്പറ്റി സംസാരിക്കുമ്പോഴാണ് ദുൽഖർ സിനിമയേപ്പറ്റി ജി.വി സംസാരിച്ചത്. അടുത്ത വർഷത്തെ എല്ലാ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും സിനിമ നേടുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഒരു ഫീൽ ഗുഡ് ഡ്രാമയായിരിക്കും ‘ആകാശംലോ ഒക താര’ എന്നാണ് റിപ്പോർട്ട്. പവൻ സദിനേനി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗീത ആർട്സ്, സ്വപ്ന സിനിമ എന്നീ ബാനറുകളാണ് ചിത്രം നിർമിക്കുന്നത്. ‘ടാക്സിവാല’, ‘ഡിയർ കോംമ്രേഡ്’ എന്നീ സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച സുജിത് സാരംഗ് ആണ് ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുക. ജി.വി. പ്രകാശ് ആണ് സംഗീതം ഒരുക്കുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ സിനിമ പുറത്തിറങ്ങും. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
അതേസമയം, സൂര്യ-വെങ്കി അറ്റ്ലൂരി ചിത്രവും നന്നായി തന്നെ വന്നിട്ടുണ്ടെന്നും ജി.വി. പ്രകാശ് കുമാർ പറഞ്ഞു. ‘അല വൈകുണ്ഠപുരമുലൂ’ പോലെയുള്ള ഒരു സിനിമയാകും അത് എന്നും ജി.വി. കൂട്ടിച്ചേർത്തു. ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂര്യക്കൊപ്പം ഒരു പ്രധാന വേഷത്തിൽ മലയാളി താരം മമിത ബൈജുവും ചിത്രത്തിലുണ്ട്. രാധിക ശരത്കുമാർ, രവീണ ടണ്ഠൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തും.



