ജീത്തു ജോസഫ്-മോഹൻലാൽ ചിത്രം ‘ദൃശ്യം 3’യുടെ തിയേറ്ററിക്കൽ, ഓവർസീസ്, ഡിജിറ്റൽ അവകാശങ്ങൾ ബോളിവുഡ് നിർമാതാക്കളായ പനോരമ സ്റ്റുഡിയോസിന് വൻ വിലയ്ക്ക് വിറ്റുവെന്ന വാർത്ത ചർച്ചയാകുന്നു. ആശിർവാദ് സിനിമാസ് ചിത്രത്തിന്റെ റൈറ്റ്സ് വിറ്റുവെന്നും ഇതോടെ ‘ദൃശ്യം 3’ 350 കോടി ക്ലബിൽ കയറിയെന്നും നിർമാതാവ് എം. രഞ്ജിത്ത് ആണ് വെളിപ്പെടുത്തിയത്. മനോരമ ഹോർത്തൂസിന്റെ ‘ആകാശം തൊട്ട് മലയാളം സിനിമ: ദ് പവർ ബിഹൈൻഡ് ദ് റൈസ്’ എന്ന വിഷയത്തിലെ ചർച്ചയിലായിരുന്നു വെളിപ്പെടുത്തൽ.
ഇന്ത്യയിലെ ഒരു പ്രാദേശികഭാഷാ സിനിമയ്ക്ക് ആദ്യമായാണ് ഷൂട്ടിങ് പൂർത്തിയാകും മുൻപ് ഇത്രയും വലിയ പ്രീ റിലീസ് ബിസിനസ് ലഭിക്കുന്നത്. മലയാളത്തിലെ ബ്ലോക്ക്ബസ്റ്ററുകൾ തിയേറ്ററുകളിൽ നിന്ന് കളക്ട് ചെയ്ത തുക ഷൂട്ടിങ് പൂർത്തിയാകും മുൻപ് ‘ദൃശ്യം 3’ നേടിക്കഴിഞ്ഞുവെന്നും രഞ്ജിത്ത് പറഞ്ഞു. നിർമാതാവായ ആന്റണി പെരുമ്പാവൂരിനും ആശീർവാദിനും സിനിമയുടെ പ്രോഫിറ്റ് ഷെയർ അവകാശം ഇപ്പോഴുമുണ്ടെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു.
‘ദൃശ്യ’ത്തിന്റെ ഹിന്ദി പതിപ്പിന്റെ നിർമാതാക്കളാണ് പനോരമ സ്റ്റുഡിയോസ്. മലയാളം പതിപ്പിന് മുൻപ് ഹിന്ദി ‘ദൃശ്യം 3’ പുറത്തിറക്കാൻ ശ്രമങ്ങൾ നടന്നിരുന്നു. സിനിമയുടെ എല്ലാ അവകാശങ്ങളും സ്വന്തമാക്കിയതോടെ മലയാള സിനിമ എപ്പോള്‍ റിലീസ് ചെയ്യണമെന്ന് ബോളിവുഡ് കമ്പനി തീരുമാനിക്കുന്ന നിലയിലായെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ, ആശിർവാദിന്റെ നീക്കം കേരളത്തിലെ സിനിമാ വ്യവസായത്തിന് നല്ലതാണെന്ന് ആഭിപ്രായപ്പെടുന്നവരും ഉണ്ട്.
അതേസമയം, മലയാളം പതിപ്പ് ഇറങ്ങി രണ്ട് മാസം കഴിഞ്ഞു മാത്രമേ മറ്റ് വേർഷനുകൾ റിലീസ് ആകുവെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. ‘ദൃശ്യം 3’യുടെ എല്ലാ ഭാഷാ പതിപ്പുകളും ഒരേസമയം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഹിന്ദി, തെലുങ്ക് റീമേക്കുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല.
ഹോർത്തൂസിൽ നടന്ന ചർച്ചയിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും പങ്കെടുത്തിരുന്നു. എഴുത്തുകാരൻ ലിജീഷ് കുമാർ ആണ് ചർച്ച നയിച്ചത്. 10 ശതമാനത്തിൽ താഴെ മാത്രം ചിത്രങ്ങൾ വിജയിക്കുന്ന സിനിമാ ഇൻഡസ്ട്രിയാണ് മലയാളത്തിലേത് എന്നാണ് ചർച്ചയിൽ ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടത്. ബാക്കി 90 ശതമാനം സിനിമകളും ഓടുന്നില്ല. ‘തുടരും’, ‘ലോക’, ‘കാന്താര 2’ എന്നീ ചിത്രങ്ങളെയാണ് 2025ലെ വലിയ ഹിറ്റുകളായി ലിസ്റ്റിൻ ചൂണ്ടിക്കാട്ടിയത്.



