കേരളത്തിലും ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങുന്നു. കരിപ്പൂര്‍, നെടുമ്പാശേരി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും സര്‍വീസ് മുടങ്ങിയെന്നാണ് വിവരം. കരിപ്പൂരില്‍ നിന്നും നാല് ഇന്‍ഡിഗോ വിമാന സര്‍വീസുകളാണ് മുടങ്ങിയത്. അബുദാബി, ദമാം, ദുബായ്, ഹൈദരബാദ് സര്‍വീസുകള്‍ ആണ് മുടങ്ങിയത്. ഇന്ന് പുലര്‍ച്ചെ മുതലുള്ള സര്‍വീസുകള്‍ ആണ് മുടങ്ങിയത്.
നെടുമ്പാശേരിയില്‍ ഇന്നും സര്‍വീസുകളെ ബാധിച്ചു. പുലര്‍ച്ചെ 4.50 ന് വരേണ്ട ഇന്‍ഡിഗോയുടെ റാസല്‍ ഖൈമ, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 5.30 ന് എത്തേണ്ട അബുദാബി, മസ്‌കറ്റില്‍ നിന്നും 7.30 ന് എത്തേണ്ട ഇന്‍ഡിഗോ എന്നിവ എത്തിയിട്ടില്ല. ഇന്നലെ രാത്രി 7.20 ന് എത്തേണ്ടിയിരുന്ന അബുദാബി വിമാനം 12.25 നാണ് എത്തിയത്.
തിരുവനന്തപുരം വിമാനത്താവളത്തിലും ഇന്‍ഡിഗോ വിമാന യാത്രക്കാര്‍ പ്രതിസന്ധിയിലാണ്. ആറ് ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുന്നുണ്ട്. നാല് ഇന്‍ഡിഗോ വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തു. പൂനൈ – തിരുവനന്തപുരം, ബെംഗളൂരു-തിരുവനന്തപുരം വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. സര്‍ക്കാര്‍ കുത്തകകളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമാണ് ഇന്‍ഡിഗോയുടെ പരാജയമെന്നും സാധാരണക്കാരാണ് ഇരകളാകുന്നതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. എല്ലാ മേഖലകളിലും ആരോഗ്യകരമായ മത്സരമാണ് നടക്കേണ്ടത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്നും രാജ്യത്ത് പലയിടങ്ങളിലും ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. സാങ്കേതിക തടസങ്ങളും ശൈത്യകാല സര്‍വീസുകളുമായി ബന്ധപ്പെട്ട ഷെഡ്യൂളുകളില്‍ വന്ന തടസങ്ങളും ഏവിയേഷന്‍ സിസ്റ്റത്തില്‍ ഉണ്ടായിട്ടുള്ള ചില മാറ്റങ്ങളുമാണ് സര്‍വീസ് റദ്ദാക്കുന്ന കാരണങ്ങളിലേക്ക് എത്തിയതെന്നുമാണ് ഇന്‍ഡിഗോ നല്‍കുന്ന വിശദീകരണം.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ചില പരിഷ്‌കരണങ്ങള്‍ നടപ്പാക്കി വരികയാണെന്നും അത് 48 മണിക്കൂറിനുള്ളില്‍ നിലവില്‍ വരുമെന്നും ഇതോടെ സാധാരണഗതിയില്‍ സര്‍വീസ് പുനരാരംഭിക്കാന്‍ കഴിയുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.
നവംബര്‍ 1 മുതല്‍ പുതിയതും കര്‍ശനവുമായ ഡ്യൂട്ടി ടൈം നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം, ഇന്‍ഡിഗോയുടെ സര്‍വീസുകളില്‍ പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും കുറവ് നേരിടുകയാണ്. പുതുക്കിയ നിയമങ്ങള്‍ പൈലറ്റുമാര്‍ക്ക് പറക്കാന്‍ കഴിയുന്ന മണിക്കൂറുകളുടെ എണ്ണം കുത്തനെ കുറയ്ക്കുകയും, നിര്‍ബന്ധിത വിശ്രമ ആവശ്യകതകള്‍ വര്‍ധിപ്പിക്കുകയും ചെയ്തു. ഇതും സര്‍വീസില്‍ തടസം നേരിട്ടതിന് കാരണമായി.
ഏഷ്യയിലെ ഏറ്റവും വലിയ വിമാനഗതാഗത നെറ്റ്വര്‍ക്കുകളില്‍ ഒന്നായ ഇന്‍ഡിഗോ, പ്രതിദിനം 2,200ലധികം വിമാനങ്ങളും, ഗണ്യമായ അളവില്‍ രാത്രികാല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സമയബന്ധിതമായി റോസ്റ്ററുകള്‍ പുനര്‍നിര്‍മിക്കാന്‍ പാടുപെട്ടു.
പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം ഡ്യൂട്ടി ഷെഡ്യൂളുകള്‍, രാത്രി ലാന്‍ഡിംഗ് പ്ലാനുകള്‍, ആഴ്ച തോറുമുള്ള വിശ്രമ ചാര്‍ട്ടുകള്‍ എന്നിവയില്‍ മാറ്റങ്ങള്‍ ആവശ്യമായി വന്നു. എയര്‍ലൈനിന്റെ ഷെഡ്യൂളിംഗ് സംവിധാനങ്ങള്‍ പൂര്‍ണമായും സ്ഥിരത കൈവരിച്ചിട്ടില്ലെന്നും, പുതിയ ആവശ്യകതകള്‍ തിരക്കേറിയ റൂട്ടുകളില്‍ ഉടനടി ജീവനക്കാരുടെ കുറവ് സൃഷ്ടിച്ചുവെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.



