ആഡംബര ക്രൂയിസ് കപ്പലായ എഐഡിഡിവയിൽ പകർച്ചവ്യാധി ഭീഷണി. ക്രൂയിസിലെ 100-ലധികം യാത്രക്കാർക്കും ജീവനക്കാർക്കും നോറോവൈറസ് ബാധിച്ചിരിക്കുകയാണ്. നിലവിൽ 133 ദിവസത്തെ ലോകയാത്ര പാക്കേജുമായി കടലിലാണ് ക്രൂയിസ്. യുഎസ്, യുകെ, ജപ്പാൻ, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, മെക്സിക്കോ, ശ്രീലങ്ക എന്നിവയുൾപ്പെടെ 26 രാജ്യങ്ങൾ സന്ദർശിക്കുന്ന എഐഡിഡിവ നവംബർ 10 ന് ജർമ്മനിയിലെ ഹാംബർഗിൽ നിന്നാണ് പുറപ്പെട്ടത്.
സിഡിസിയുടെ (സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ) കണക്കനുസരിച്ച്, എഐഡിഡിവയിലെ 95 യാത്രക്കാർക്കും ആറ് ക്രൂ അംഗങ്ങൾക്കും നോറോവൈറസ് പൊട്ടിപ്പുറപ്പെടൽ ബാധിച്ചിട്ടുണ്ട്, നവംബർ 30 നാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ആ സമയത്ത്, കപ്പൽ മിയാമിയിൽ നിന്ന് കൊസുമെലിലേക്കുള്ള യാത്രയിലായിരുന്നു. വയറിളക്കവും ഛർദ്ദിയുമായിരുന്നു പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്ക് ക്വാറന്റൈൻ, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ, പരിശോധകൾ എന്നിവയെല്ലാം നടപ്പാക്കി വരികയാണ്. നിലവിലെ സാഹചര്യം മറികടന്ന് കപ്പൽ മാർച്ച് 23 ന് ഹാംബർഗിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ പ്രതിരോധ പ്രവർത്തങ്ങൾ നടത്തിവരികയാണെന്നു പുതിയ കേസുകൾ ഇതിനകം തന്നെ കുറഞ്ഞുവരികയാണെന്നും എഐഡിഎ ക്രൂയിസസിന്റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.



