വെനസ്വേലന്‍ സമാധാന നോബല്‍ സമ്മാന ജേതാവ് മരിയ കൊറിന മച്ചാഡോയോടുള്ള ആദരസൂചകമായി ഓസ്ലോയില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. മച്ചാഡോയുടെ മകള്‍ അന കൊറീന സോസ മച്ചാഡോ, നോബല്‍ സ്യൂട്ടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പരേഡിനെ സ്വാഗതം ചെയ്തു. ഒരു വര്‍ഷത്തിലേറെയായി ഒളിവില്‍ കഴിയുന്നതിനാല്‍ മച്ചാഡോയുടെ മകളാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ഓസ്ലോയിലെ ഹോട്ടലില്‍ ഒരുക്കിയ വിരുന്നോടെയാണ് നോബല്‍ ആഘോഷങ്ങള്‍ അവസാനിക്കുന്നത്.
ഓസ്ലോയില്‍ നടക്കുന്ന നോബല്‍ പുരസ്‌കാര ദാന ചടങ്ങില്‍, സമാധാന പുരസ്‌കാര ജേതാവായ വെനെസ്വെലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോ, പങ്കെടുക്കില്ലെന്ന് നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി അറിയിച്ചിരുന്നു. പകരം, മച്ചാഡോയെ പ്രതിനീധീകരിച്ച് മകള്‍ ആനാ കൊറിന സോസാ മച്ചാഡോ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു. സുരക്ഷ കണക്കിലെടുത്താണ് യാത്ര ഒഴിവാക്കുന്നതെന്നാണ് വിശദീകരണം.
പുരസ്‌കാരത്തിനായി പരസ്യമായി അവകാശവാദമുന്നയിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തള്ളിയാണ് കൊച്ചാഡോ സമാധാനത്തിനുള്ള നൊബേല്‍ നേടിയത്. ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ മുന്‍കൈയെടുത്തുവെന്നും സമാധാനത്തിനുള്ള നോബെല്‍ സമ്മാനം തനിക്ക് അര്‍ഹതപ്പെട്ടതാണെന്നും ട്രംപ് പലവട്ടം പ്രസ്താവനകള്‍ നടത്തിയിരുന്നു.



