ഇതിഹാസ താരം ലയണൽ മെസി ഇന്ത്യയിൽ പന്തുതട്ടുമോ? ഇനിയും ഇന്ത്യയിൽ വരണമെന്ന ആഗ്രഹം പങ്കുവച്ച് മെസി മടങ്ങുമ്പോൾ പ്രതീക്ഷയിലാണ് ആരാധകർ. മെസിയെത്തിയ നഗരങ്ങളിലെല്ലാം ഊഷ്മളമായ സ്വീകരണമാണ് ആരാധകർ നൽകിയത്.
“ഇന്ത്യയിലേക്ക് മടങ്ങിവരും, ഇവിടെ പന്തുതട്ടണമെന്നാണ് ആഗ്രഹം, അല്ലെങ്കിൽ മറ്റേതെങ്കിലുമൊരു സാഹചര്യത്തിൽ. ഉറപ്പായും ഈ സ്നേഹം ഞങ്ങൾ എന്നും ഓർമിക്കും,” മടങ്ങിപോകും മുൻപ് മെസി പറഞ്ഞ വാക്കുകകളാണിവ. ഇന്ത്യയിൽ നഗരങ്ങളിലെത്തിയപ്പോൾ ബ്യൂണസ് ഐറിസ് ഇന്ത്യയിലേക്ക് പറിച്ചുനട്ടോ എന്ന് തോന്നിക്കാണും മെസിക്ക്. ഓരോ ഗ്യാലറിയിലും നീലക്കടൽ പോലെ ആരാധകരുണ്ടായിരുന്നു.
മെസിയെ അർജൻ്റൈൻ നായകനായി അവരോധിച്ച കൊൽക്കത്തയിലാണ് സൂപ്പർതാരം 14 വർഷത്തിന് ശേഷം വിമാനമിറങ്ങിയത്. 70 അടി ഉയരമുള്ള ലോകകപ്പ് ഉയർത്തി നിൽക്കുന്ന പ്രതിമ അനാഛാദനം ചെയ്ത് തുടക്കം. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നം കാരണം മെസിയുടെ സന്ദർശനം ചുരുക്കിയപ്പോൾ കണ്ടത് ആരാധകരോഷമായിരുന്നു. സ്റ്റേഡിയം തച്ചുതകർത്തതോടെ കേസുകളുമുണ്ടായി.
ആദ്യപരിപാടിയിലെ പിഴവ് മറികടക്കാൻ ഹൈദരാബാദിലും മുംബൈയിലും ഡെൽഹിയിലും കനത്ത സുരക്ഷയിലാണ് പരിപാടികൾ നടന്നത്. നടൻ ഷാരൂഖ് ഖാനും ക്രിക്കറ്റ് കാരം സച്ചിൻ ടെൻഡുൽക്കറും സുനിൽ ഛേത്രിയും രാഹുൽ ഗാന്ധിയുമുൾപ്പെടെയുള്ള പ്രമുഖർ മെസിയുമായി വേദി പങ്കിട്ടു, പന്തുതട്ടി, ജേഴ്‌സികൾ കൈമാറി.
മെസിക്കൊപ്പമെത്തിയ ഡിപോളിനും സുവാരസിനുമായും ആരാധകർ ആർപ്പുവിളിച്ചു. സൂപ്പർതാരങ്ങൾക്ക് അർഹിക്കുന്ന ആദരമൊരുക്കിയാണ് രാജ്യം എല്ലാ നഗരങ്ങളിലും വരവേറ്റത്. വിമാനം വൈകിയതിനാൽ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല.
കേരളത്തിൽ മെസിയെയും അർജൻ്റീനയെയും എത്തിക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനം വഴിമുട്ടിയതോടെ മലയാളി ആരാധകർക്ക് മെസിയെ കാണാനുള്ള അവസരമായിരുന്നു ഗോട്ട് ടൂർ. നിരവധി മലയാളികളും വിവിധ നഗരങ്ങളിലെത്തി മെസിയെ കണ്ടു. ഇനി മെസി പറഞ്ഞ വാക്ക് പോലെ വീണ്ടും ഇന്ത്യയിൽ വരുമോ? പന്തുതട്ടാൻ എത്തുമോ? അത് കേരളത്തിലാകുമോ? പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.



