ലാറ്റിന്‍ അമേരിക്കന്‍ ഫുട്‌ബോള്‍ രാജാക്കന്മാരും യൂറോപ്പില്‍ കരുത്ത് തെളിയിച്ചവരും നേര്‍ക്കുനേര്‍ വരുന്ന ഫൈനലിസിമ പോരാട്ടത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം അര്‍ജന്റീനക്കായി ലയണല്‍ മെസി ലോക കപ്പ് ഉയര്‍ത്തിയ ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയം. 2022-ല്‍ മെസിയും സംഘവും ചരിത്രം കുറിച്ച ദോഹയിലെ സ്റ്റേഡിയത്തില്‍ വീണ്ടുമൊരു പ്രധാന കിരീടത്തില്‍ നീലക്കുപ്പായക്കാര്‍ മുത്തമിടുമോ അതോ മെസിയുടെ പിന്‍ഗാമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും സംഘവും ഫൈനലിസിമ കടക്കുമോ എന്നതാണ് സോക്കര്‍ ലോകത്തെ കൗതുകം. 2026 മാര്‍ച്ച് 27 നാണ് ഫൈനലിസിമയില്‍ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയും യൂറോ ചാമ്പ്യന്‍മാരായ സ്‌പെയിനും തമ്മില്‍ ഏറ്റുമുട്ടുക. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും മെസിയുടെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലാമിന്‍ യമാലും ആദ്യമായി നേര്‍ക്കുനേര്‍ വരുന്ന മത്സരമെന്ന പ്രത്യേകതയും ഇത്തവണത്തെ ഫൈനലിസിമക്കുണ്ട്. 2022 ന് മുമ്പ് നടന്ന ഫൈനലിസിമയില്‍ അന്നത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍മാരായ ഇറ്റലിയെ മെസി നയിച്ച അര്‍ജന്റീന ടീം തോല്‍പ്പിച്ചിരുന്നു.
2022 ലോക കപ്പ് ഫൈനല്‍ മത്സരമടക്കം അര്‍ജന്റീന നാല് മത്സരങ്ങള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ കളിച്ചിട്ടുണ്ട്. 2024- ല്‍ ജര്‍മ്മനിയിലായിരുന്നു യൂറോ കപ്പ് നടന്നത്. ബെര്‍ലിനില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിനെ 2-1 ന് പരാജയപ്പെടുത്തിയാണ് സ്‌പെയിന്‍ നാലാം തവണ യൂറോ കപ്പ് സ്വന്തമാക്കിയത്. 2024-ല്‍ അമേരിക്കയിലായിരുന്നു മെസിയും സംഘവും പതിനാറാം തവണ കോപ്പ കിരീടം ചൂടിയത്. ഫ്‌ളോറിഡയില്‍ നടന്ന ഫൈനലില്‍ അധിക സമയത്തായിരുന്നു കൊളംബിയക്കെതിരായി അര്‍ജന്റീനയുടെ ഗോള്‍. ഏക ഗോളിനായിരുന്നു അര്‍ജന്റീനയുടെ വിജയം.
90 മിനിറ്റ് മാത്രമായിരിക്കും ഫൈനലിസിമ മത്സരം. ഇരുടീമുകളും തുല്യത പാലിക്കുന്ന പക്ഷം അധിക സമയം നല്‍കാതെ നേരിട്ട് ടൈബ്രേക്കര്‍ സ്‌പോട്ട് കിക്കുകളിലേക്ക് പോകും. രണ്ട് കോണ്‍ഫെഡറേഷനുകളും സംയുക്തമായാണ് മത്സര റഫറിമാരെ നിയമിക്കുക. വീഡിയോ അസിസ്റ്റന്റ് റഫറി (VAR), ഗോള്‍-ലൈന്‍ സാങ്കേതികവിദ്യ, സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ടെക്‌നോളജി (SAOT) എന്നിവയെല്ലാം ഫൈനലിസിമ മത്സരത്തിനുമുണ്ടായിരിക്കും.



