ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ മലയാളികള്‍ കുടുങ്ങി. മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയതാണ് പ്രതിസന്ധിയായത്. വിമാനക്കമ്പനി പകരം സംവിധാനം ഒരുക്കിയിട്ടില്ലെന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇരുപതോളം മലയാളികളാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളും പ്രായമായവരുമുണ്ട്.
സാങ്കേതിക തകരാര്‍ മൂലം അലയ്ന്‍സ് എയറിന്റെ വിമാന സര്‍വീസ് റദ്ദാക്കിയതാണ് പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നത്. വിമാനം റദ്ദാക്കിയതിനെക്കുറിച്ചും പകരം സംവിധാനത്തെക്കുറിച്ചും യാത്രക്കാര്‍ ചോദിക്കുമ്പോള്‍ മാനേജര്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും പകരം തങ്ങളെ മനപ്പൂര്‍വം പ്രകോപിപ്പിക്കുകയാണെന്നുമാണ് യാത്രക്കാരുടെ ആരോപണം. യാത്രക്കാരില്‍ പകുതിപ്പേരും പ്രായം ചെന്നവരാണ്. പലരും പല രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരും ചില ശാരീരിക അവശതകളുമുള്ളവരാണ്. വിമാനത്താവളത്തില്‍ കുടുങ്ങിയ തങ്ങള്‍ക്ക് മതിയായ സൗകര്യങ്ങള്‍ പോലും ലഭിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. വിഷയത്തില്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു.



