അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്ന ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചത്.
സുപ്രീംകോടതി വിധി അവഗണിച്ച് ഇളവ് നിലനിര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പിഴവ് തിരുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
അധ്യാപകര്‍ക്കുള്ള യോഗ്യത പരീക്ഷയായ കെ-ടെറ്റ് വിജയിച്ചാല്‍ മാത്രമെ ഇനി സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളില്‍ അധ്യാപക നിയമനം ലഭിക്കു. ഒടുവില്‍ സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറായി. എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് കെ- ടെറ്റ് വേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു.വിധി വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും എം.എഡ്, സെറ്റ്, നെറ്റ്, എം ഫില്‍, പിഎച്ച്ഡി നേടിയവര്‍ക്ക് കെ-ടെറ്റ് യോഗ്യത പരീക്ഷ വിജയിക്കേണ്ടതില്ലെന്ന ഇളവ് നിലനിര്‍ത്തി പോവുകയായിരുന്നു. ഇതേതുടര്‍ന്ന് പിഎസ്‌സി കഴിഞ്ഞ മാസങ്ങളില്‍ പുറത്തിറക്കിയ അധ്യാപക നോട്ടിഫിക്കേഷനിലും ഇളവ് നിലനിര്‍ത്തിയിരുന്നു.
സുപ്രീംകോടതി വിധി അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തിരുത്തിയതോടെ ഇനി പിഎസ്‌സിയും തിരുത്തേണ്ടി വരും. നേരത്തെ ഇറക്കിയ പിഎസ്‌സി നോട്ടിഫിക്കേഷനുകള്‍ വീണ്ടും മാറ്റി പുറത്തിറക്കാനും സാധ്യതയുണ്ട്.


