നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഡിസിസി – കെപിസിസി സെക്രട്ടറി പുനഃസംഘടന വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിൽ ധാരണ. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രവർത്തന മികവു വിലയിരുത്തി പുനസംഘടന നടത്താമെന്നാണ് കോർ കമ്മിറ്റി – രാഷ്ട്രീയകാര്യ സമിതി യോഗങ്ങളിലെ ധാരണ.സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഉടൻ തുടങ്ങാനാണ് നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിൻറെ അടിസ്ഥാനത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരെ പുനഃസംഘടന വേണ്ടെന്ന ധാരണയിൽ എത്തിയത്.പരിമിതികൾക്കിടയിലും മികച്ച വിജയം സമ്മാനിച്ച ഡിസിസി അധ്യക്ഷന്മാരെ മാറ്റിയാൽ തിരിച്ചടി ഉണ്ടാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ ഡിസിസി അധ്യക്ഷന്മാരുടെ മാറ്റം ഉണ്ടാകില്ല. പുതിയ കെപിസിസി സെക്രട്ടറിമാരുടെ നിയമനവും തിരഞ്ഞെടുപ്പിനുശേഷം ഉണ്ടാകും. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ മികവ് വിലയിരുത്തി ആകും ഭാരവാഹിത്വത്തിലേക്ക് നേതാക്കളെ പരിഗണിക്കുക എന്നും കോർ കമ്മിറ്റിയിലും രാഷ്ട്രീയകാര്യ സമിതിയിലും നേതൃത്വം വ്യക്തമാക്കി.
ഈ മാസം 20നകം ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക ലക്ഷ്യമിട്ടുള്ള നടപടികളും
കോൺഗ്രസിൽ ആരംഭിച്ചിട്ടുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി ഈ മാസം 12 , 13 തീയതികളിൽ കേരളത്തിലെത്തും.



