ഇന്ത്യ – അമേരിക്ക വ്യാപാര കരാര്‍ വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് അമേരിക്ക. പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപിനെ വിളിച്ച് സംസാരിക്കാത്തത് കൊണ്ടാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി കുറ്റപ്പെടുത്തി.
ഇക്കഴിഞ്ഞ നവംബറില്‍ ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപാര കരാറില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴ തീരുവ ചുമത്തിയതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിനു കാരണം കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ വിസമ്മതിച്ചതിനാലാണെന്ന വാണിജ്യകാര്യ സെക്രട്ടറി ഹോവാഡ് ലുട്നിക് വ്യക്തമാക്കിയിരിക്കുന്നത്.
കരാര്‍ നേരത്തെ യാഥാര്‍ത്ഥ്യമാക്കിയിരുന്നുവെങ്കില്‍ ഇന്തോനേഷ്യ, വിയറ്റ്നാം, ഫിലിപ്പെയ്ന്‍സ് തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്നും ലുട്നിക് അവകാശപ്പെട്ടു. അമേരിക്കയുമായി അതിവേഗ ചര്‍ച്ചയ്ക്ക് തയാറായ എല്ലാ രാജ്യങ്ങള്‍ക്കും കുറഞ്ഞ തീരുവയാണ് ചുമത്തിയതെന്നും ലുട്നിക് അവകാശപ്പെട്ടു. നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ഇറക്കുമതി തീരുവയായി അമേരിക്ക ചുമത്തിയിരിക്കുന്നത്.
ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ ജനുവരി പകുതിയോടെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.



