കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടിൽ നിന്നാണ് വാഹനം കസ്റ്റഡിയിൽ എടുത്തത്. വാഹനം കരൂരിലെ സിബിഐ കേന്ദ്രത്തിലെത്തിച്ചു. ജനുവരി 12ന് ഡൽഹിയിൽ ഹാജരാകാൻ വിജയ്ക്ക് നേരത്തെ സിബിഐ നോട്ടിസ് അയച്ചിരുന്നു.
2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കും തിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കം നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഇവരിൽ പലരുടെയും ചോദ്യം ചെയ്യൽ 10 മണിക്കൂർ വരെ നീണ്ടിരുന്നു.



