ഗാസയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ മൂന്ന് മാധ്യമ പ്രവർത്തകരും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പലസ്തീനുകാരെ വധിച്ചതായി റിപ്പോർട്ട്. ഗാസയിലെ ആശുപത്രികളെ ഉദ്ധരിച്ച് ദി ഗാർഡിയനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. 13 വയസുള്ള രണ്ട് കുട്ടികളും മൂന്ന് മാധ്യമ പ്രവർത്തകരും കൊല്ലപ്പെട്ടതായാണ് വിവരം. ഗാസയിൽ മൂന്ന് മാസമായി തുടരുന്ന വെടിനിർത്തൽ കരാറിനെ ലംഘിക്കുന്ന തരത്തിൽ ഇസ്രയേൽ സൈന്യത്തിൻ്റെ ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനങ്ങൾ തുടരുകയാണ്.
മധ്യ ഗാസയിലെ നെറ്റ്സാരിം പ്രദേശത്ത് പുതുതായി സ്ഥാപിച്ച അഭയാർത്ഥി ക്യാംപിൻ്റെ ചിത്രീകരണത്തിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പലസ്തീൻ മാധ്യമ പ്രവർത്തകരെ ഇസ്രയേൽ സൈന്യം വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മുഹമ്മദ് സലാഹ് ഖഷ്ത, അബ്ദുൾ റൗഫ് ഷാത്ത്, അനസ് ഗ്‌നെയിം എന്നീ ജേണലിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.
യുദ്ധക്കെടുതിയിൽ വലയുന്ന സാധാരണക്കാരായ മനുഷ്യരുടെ പ്രശ്നങ്ങൾ ഷൂട്ട് ചെയ്യാൻ പോയ മൂന്ന് മാധ്യമ പ്രവർത്തകരെയാണ് ഇസ്രയേൽ കൊല ചെയ്തതെന്ന് പലസ്തീനിയൻ ജേണലിസ്റ്റ് സിൻഡിക്കേറ്റ് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമമായ ഏജൻസി ഫ്രാൻസ് പ്രസിന് സ്ഥിരമായി ഗാസയിലെ ഫോട്ടോകളും വീഡിയോകളും കൈമാറുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട അബ്ദുൾ റൗഫ് ഷാത്ത്. എന്നാൽ അപകടം നടക്കുമ്പോൾ അദ്ദേഹം എഎഫ്‌പിക്ക് വേണ്ടിയുള്ള ചുമതലയിൽ ആയിരുന്നില്ലെന്നും സ്ഥാപനം അറിയിച്ചു.
ഗാസയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഈജിപ്ഷ്യൻ റിലീഫ് കമ്മിറ്റിക്ക് വേണ്ടി ജോലി ചെയ്യുകയായിരുന്നു കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകരെന്ന് ഗാസയിലെ പ്രാദേശിക ജേണലിസ്റ്റുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ സഞ്ചരിച്ചിരുന്ന അഗ്നിക്കിരയാക്കപ്പെട്ട കാറിൻ്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗാസയുടെ വിവിധയിടങ്ങളിലായാണ് മറ്റുള്ളവർ കൊല്ലപ്പെട്ടത്.
മധ്യ ഗാസയിൽ ഹമാസുകാരുമായി ബന്ധപ്പെട്ട് ചിലർ സംശയാസ്പദമായ സാഹചര്യത്തിൽ ഡ്രോൺ പറത്താൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകണം. സംഭവത്തിൽ അന്വേഷണം നടത്തുകയാണന്നും ഇസ്രയേൽ സൈന്യം അറിയിച്ചു.
2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങളിൽ 220 മാധ്യമ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. 2024 ഡിസംബർ മുതൽ 2025 ഡിസംബർ വരെ മാത്രം ഗാസയിൽ ചുരുങ്ങിയത് 29 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടെന്നും ദി മീഡിയ വാച്ച്ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് കണക്കുകൾ നിരത്തുന്നു.
ഗാസയിൽ വെടിനിർത്തൽ നിലവിൽ വന്നതിനുശേഷം ആക്രമണം കുറഞ്ഞുവെങ്കിലും പൂർണമായും അവസാനിച്ചിട്ടില്ല. പ്രാരംഭ വെടിനിർത്തൽ പ്രഖ്യാപനത്തിലെ വ്യവസ്ഥകളുടെ ആദ്യ ഘട്ടം മാത്രമേ പ്രാബല്യത്തിൽ വന്നിട്ടുള്ളൂ.



