യുഎസിലെ മിനിയാപൊളിസിൽ ബോർഡർ പട്രോളിങ് ഉദ്യോഗസ്ഥരുടെ വെടിയേറ്റ് അലെക്സ് ജെഫ്രി പ്രെറ്റി എന്നയാൾ കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസിൽ വൻ പ്രതിഷേധം. കേന്ദ്ര ഇമിഗ്രേഷൻ സേനയെ മിനിയാപൊളിസിൽ നിന്ന് ഉടൻ പിൻവലിക്കണമെന്ന് ഗവർണർ റ്റിം വാൾസ് ആവശ്യപ്പെട്ടു. ഗവർണറുടെ ഉത്തരവിനു പിറകേ നിരവധിപ്പേരാണ് സേനയെ പിൻവലിക്കണമെന്ന ആവശ്യവുമായി യുഎസിലെ തെരുവുകളിലിറങ്ങിയത്. കുടിയേറ്റക്കാർക്കെതിരായ ഇമിഗ്രേഷൻ നടപടിക്കെതിരായ പ്രതിഷേധത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ യുഎസ് സ്വദേശിയാണ് അലെക്സ് ജെഫ്രി.
ജനുവരി 24 നാണ് മിനിയാപൊളിസിൽ കുടിയേറ്റ വിരുദ്ധ നടപടിക്കെതിരായ പ്രതിഷേധത്തിൽ ഒരാൾ കൂടി കൊല്ലപ്പെടുന്നത്. 37 കാരനായ അലെക്സ് ജെഫ്രി പ്രെറ്റി എന്ന ഐസിയു നഴ്സാണ് ബോർഡർ പട്രോൾ ഏജന്‍റുമാരുടെ വെടിയേറ്റ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. അനധികൃത കുടിയാറ്റക്കാരെ കണ്ടെത്താനായി ഐസ് ഏജന്‍റുമാരടെ നടപടിക്കെതിരെ പ്രതിഷേധിച്ച അലെക്സിന് നിരവധി തവണ വെടിയേറ്റിരുന്നു. അലെക്സ് ആയുധം കൈവശം വച്ചിരുന്നതായും ആയുധം ഉപേക്ഷിക്കാൻ തയ്യാറാകാതെ വന്നപ്പോൾ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയെന്നും പ്രതിരോധ നടപടിയുടെ ഭാഗമായി വെടിവെച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം.
അതേസമയം സാക്ഷിമൊഴികളും ദൃശ്യങ്ങളും നിഷ്പക്ഷ വിശകലനങ്ങളും ഔദ്യോഗിക വിശദീകരണം തെറ്റാണെന്നാണ് സൂചിപ്പിക്കുന്നത്. അലെക്സിന്‍റെ കയ്യിൽ ഉണ്ടായിരുന്നത് ഒരു ഫോൺ മാത്രമാണെന്ന് ദൃശ്യങ്ങൾ കാണിക്കുന്നു. കൊലപാതകരംഗത്ത് ഫെഡറൽ ഏജന്റുമാർ പിന്നീട് മാറ്റം വരുത്തി എന്ന സംശയവും ഉണ്ട്. കവിയും കലാകാരിയുമായ റെനെ ഗുഡ് എന്ന 37 കാരിയും മിനിയാപൊളിസിൽ കുടിയേറ്റക്കാർക്കെതിരായ നടപടിയോട് പ്രതിഷേധിച്ചതിന് പിന്നാലെ ഐസ് ഏജന്റുമാരുടെ വെടിയേറ്റ് മരിച്ചിരുന്നു. പ്രതിരോധമെന്ന വാദമാണ് അവിടെയും പൊലീസും ഫെഡറൽ ഏജൻസിയും ഉയർത്തിയത്.
അലെക്സിന്‍റെ കൊലപാതകത്തിന് പിന്നാലെ മിനിയാപൊളിസിൽ ജനം തെരുവിലിറങ്ങി. കൊടും ശൈത്യത്തെപ്പോലും വകവെയ്ക്കാതെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതോടെ നഗരത്തിൽ നിന്ന് ഐസ് ഏജന്‍റുമാരെ പിൻവലിക്കണമന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനോട് മിനിയാപൊളിസ് ഗവർണർ റ്റിം വാൾസ് ആവശ്യപ്പെട്ടു. അതേസമയം വൈദേശിക ക്രിമിനലുകളെ നാടുകടത്താനായി കൈമാറുക എന്നതായിരുന്നു ട്രംപിന്‍റെ പ്രതികരണം.



