രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ ആദ്യ ദിനം കേരളത്തിന് മുൻതൂക്കം. ഒന്നാം ദിവസം കളി നിർത്തുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 279 റൺസെന്ന നിലയിലാണ് ഗോവ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ അങ്കിത് ശർമ്മയുടെ ഉജ്ജ്വല പ്രകടനമാണ് ഗോവയുടെ ബാറ്റിങ് നിരയെ പ്രതിരോധത്തിലാക്കിയത്.
ടോസ് നേടിയ ഗോവ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ കശ്യപ് ബക്ലയെയും (12) അഭിനവ് തെജ്രാനയെയും (1) പുറത്താക്കി അങ്കിത് ശർമ്മ കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ, ഒരറ്റത്ത് ഉറച്ചുനിന്ന ഓപ്പണർ സുയാഷ് പ്രഭുദേശായിയുടെ ഇന്നിങ്സ് ഗോവയ്ക്ക് തുണയായി. ക്യാപ്റ്റൻ സ്നേഹൽ കൗതങ്കറുമായി ചേർന്ന് 55 റൺസിന്റെയും, യഷ് കസവങ്കറുമായി ചേർന്ന് 60 റൺസിന്റെയും നിർണ്ണായക കൂട്ടുകെട്ടുകളാണ് സുയാഷ് പടുത്തുയർത്തിയത്.
ഗോവ ശക്തമായ നിലയിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ അങ്കിത് ശർമ്മ വീണ്ടും ആഞ്ഞടിച്ചു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സുയാഷിനെ (172 പന്തിൽ 86 റൺസ്) അഹ്മദ് ഇമ്രാന്റെ കൈകളിലെത്തിച്ച് അങ്കിത് കേരളത്തിന് നിർണ്ണായക വഴിത്തിരിവ് സമ്മാനിച്ചു. 10 ബൗണ്ടറികളടങ്ങുന്നതായിരുന്നു സുയാഷിന്റെ ഇന്നിങ്സ്. സ്നേഹൽ കൗതങ്കർ 29ഉം യഷ് കസവങ്കർ 50ഉം റൺസെടുത്തു.
തുടർന്നെത്തിയ അർജുൻ ടെണ്ടുൽക്കർ 39 പന്തുകളിൽ നിന്ന് അഞ്ച് ബൗണ്ടറികളടക്കം 36 റൺസെടുത്തു. എന്നാൽ അർജുനെ പുറത്താക്കി അങ്കിത് ശർമ്മ അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. 22 റൺസെടുത്ത ദർശൻ മിസാലിനെ സച്ചിൻ ബേബിയും പുറത്താക്കി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബേസിൽ എൻ.പിയും കേരളത്തിന് വേണ്ടി തിളങ്ങി.
കഴിഞ്ഞ മത്സരത്തിൽ നിന്നും മൂന്ന് മാറ്റങ്ങളുമായാണ് വിഷ്ണു വിനോദിന്റെ കീഴിൽ കേരളം ഗോവയ്ക്കെതിരെ കളിക്കാനിറങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ, ബാബ അപരാജിത്, ഏദൻ ആപ്പിൾ ടോം എന്നിവർക്ക് പകരം അഹ്മദ് ഇമ്രാൻ, ബേസിൽ എൻ.പി, മാനവ് കൃഷ്ണ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. മാനവ് കൃഷ്ണയുടെ അരങ്ങേറ്റ മത്സരം കൂടിയാണിത്.



