രാവിലെ എഴുന്നേറ്റ ഉടൻ ഇൻസ്റ്റഗ്രാമിൽ ഒരു ഗുഡ്മോണിങ് പോസ്റ്റ്, അടിക്കടി അപ്‌ഡേറ്റുകൾ, ചറപറ പോസ്റ്റ്, എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലും ഫുൾടൈം ആക്ടീവ്. സോഷ്യൽ മീഡിയ അഡിക്ട് തലമുറ- ഇങ്ങനെയൊക്കെയാണോ ജെൻ സിയെക്കുറിച്ചുള്ള നിങ്ങളുടെ ചിന്ത? ഇതെല്ലാം തെറ്റാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?
ജെൻ സി സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നുണ്ട്. എല്ലാം കാണുന്നുണ്ട്, അറിയുന്നുണ്ട്. എന്നാൽ അവർ പോസ്റ്റ് ചെയ്യാനോ ലൈക്ക് ചെയ്യാനോ മടിക്കുകയാണ്. അതെ, പോസ്റ്റിങ് സീറോ എന്ന പേരിലുള്ള ഒരു വിചിത്ര ട്രെൻ്റ് ഇന്ന് സോഷ്യൽ മീഡിയയിൽ ഉയരുകയാണ്.
എന്താണീ പോസ്റ്റിങ് സീറോ?
പേര് പോലെ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവക്കാതിരിക്കുക. ഇത് തന്നെയാണ് പോസ്റ്റിങ് സീറോ. വർഷങ്ങളായി സോഷ്യൽ മീഡിയയിൽ ആക്ടീവ് ആണെങ്കിൽ കൂടി ഒരു പോസ്റ്റ് പോലും പങ്കുവയ്ക്കാത്ത എത്ര പേരെ നിങ്ങൾക്കറിയാം? എന്ത് കഴിച്ചു, എന്ത് ധരിച്ചു, എന്ത് ചെയ്യുന്നു എല്ലാം നിമിഷനേരത്ത് സോഷ്യൽ മീഡിയയിൽ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്ന പലരും ഇന്ന് പോസ്റ്റിങ് സീറോ ട്രെൻ്റിലേക്ക് കടന്നിരിക്കുകയാണ്. ഓൺലൈനിൽ ഇത്തിരി നിശബ്ദമായിക്കാനാണ് ഇവർ ഇഷ്ടപ്പെടുന്നത്. റിപ്പോർട്ടുകളുനുസരിച്ച് ജെൻ സി തലമുറയാണ് ഈ പോസ്റ്റിങ് സീറോ ട്രെൻ്റ് ഫോളോ ചെയ്യുന്നത്.
പോസ്റ്റിങ് സീറോ എന്നാൽ സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുക എന്നല്ല. മണിക്കൂറുകളോളം ഡൂം സ്ക്രോൾ ചെയ്യാനും, റീലുകളും മീമുകളും കാണാനുമെല്ലാം സോഷ്യൽ മീഡിയയിൽ ആക്ടീവാണെങ്കിലും, ഇവരുടെ സ്വന്തം പ്രൊഫൈലിൽ ഒന്നും പോസ്റ്റ് ചെയ്യില്ല. എല്ലാം നിരീക്ഷിക്കുക- ഇതാണ് ഇക്കൂട്ടരുടെ മെയിൻ പരിപാടി.
ആളുകൾ ഇങ്ങനെയൊരു ട്രെൻ്റിന് പിറകെ പോകാൻ കാരണം എന്തായിരിക്കും?
ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു ട്രെൻ്റല്ല പോസ്റ്റിങ് സീറോ. ഇത്തരം മാറ്റങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ കണ്ടുതുടങ്ങിയിട്ടുണ്ട്. സന്തോഷങ്ങൾ പങ്കുവക്കുന്ന ഒരു പ്ലാറ്റ്‌ഫോം എന്നതിനുപരി, നിങ്ങളെ ഒരു ബ്രാൻഡായി മാർക്കറ്റ് ചെയ്യുന്ന ഇടമാണ് സോഷ്യൽ മീഡിയ. പലർക്കും; പ്രത്യേകിച്ച് ജെൻ സി തലമുറയിലെ ചിലർക്കെങ്കിലും ഇത് മടുത്തുകഴിഞ്ഞു. ഒരു പ്രൈവറ്റ് അക്കൗണ്ടിൽ ഒതുങ്ങാനും, ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി അപ്‌ലോഡ് ചെയ്യാനുമെല്ലാമാകും ഇവർക്ക് കൂടുതൽ താൽപ്പര്യം.
ഇവരെ സംബന്ധിച്ചിടത്തോളം പോസ്റ്റുകൾ പങ്കുവക്കുന്നത് ഒരു ജോലി പോലെയാണ്. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകഴിഞ്ഞാൽ പിന്നെ ലൈക്കും കോമൻ്റും എണ്ണിയിരിക്കണം. അൽഗോരിതത്തിനനുസരിച്ച് ട്രെൻ്റിങ് പാട്ടുകളും ഐഡിയകളും കണ്ടുപിടിച്ച് പോസ്റ്റ് ചെയ്യണം. ഒരു അനാവശ്യ മാനസിക ഭാരം.
വിഷയത്തിൽ ഫിനാൻഷ്യൽ ടൈംസ് ഒരു സർവെ നടത്തിയിരുന്നു. 50 രാജ്യങ്ങളിലായി രണ്ട് ലക്ഷത്തി അൻപതിനായിരം ഓൺലൈൻ ഉപയോക്താക്കളെ കേന്ദ്രീകരിച്ചായിരുന്നു സർവെ. ഇതനുസരിച്ച് സോഷ്യൽ മീഡിയയുടെ ഉപയോഗം 10 ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ജെൻ സീയുടെ ഇടയിൽ. ഗാർഡിയൻ റിപ്പോർട്ടനുസരിച്ച് മൂന്നിൽ രണ്ട് യുവാക്കളും സോഷ്യൽ മീഡിയ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കരുതുന്നവരാണ്.
ജെൻ സി സോഷ്യൽ മീഡിയയിൽ ഒന്നും പോസ്റ്റ് ചെയ്യാറില്ലേ?
അവിടെയാണ് ട്വിസ്റ്റ്! ഇപ്പറഞ്ഞതെല്ലാം ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകളെക്കുറിച്ചാണ്. മിക്കവാറും ആളുകൾക്ക് മറ്റൊരു അക്കൗണ്ട് കൂടിയുണ്ടാകും. വളരെ അടുത്ത സുഹൃത്തുക്കൾ മാത്രമുള്ള ഒരു പ്രൈവറ്റ് അക്കൗണ്ട്. ഫിൻസ്റ്റ അല്ലെങ്കിൽ ഫിൻസ്റ്റഗ്രാം എന്നൊക്കെയാണ് ഈ അക്കൗണ്ടിനെ ഇൻ്റർനെറ്റ് ലോകം വിളിക്കുന്നത്. ഇവിടെയാണ് സത്യത്തിൽ ജെൻ സി അവരുടെ ശരിക്കുമുള്ള സ്വഭാവം പുറത്തെടുക്കുന്നത്.
പബ്ലിക് അക്കൗണ്ടിൽ സീറോ പോസ്റ്റുകളാണെങ്കിലും, പ്രൈവറ്റ് അക്കൗണ്ടിൽ 100ഉം 200ഉം പോസ്റ്റുകളുണ്ടാകും. ചുരുക്കി പറഞ്ഞാൽ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പബ്ലിക്കാക്കാൻ ജെൻ സി ആഗ്രഹിക്കുന്നില്ല. ഇതിൻ്റെ ഒരു പ്രതിഫലനമാണ് പോസ്റ്റിങ് സീറോ ട്രെൻ്റ്. പിന്നെ പോസ്റ്റിടുന്നത് പ്രൊഫൈൽ ഏസ്തറ്റിക്സിനെ ബാധിക്കുമെന്ന് കരുതുന്നവരും ഉണ്ട്.
എന്തായാലും ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം മുഴുവൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച്, ലൈക്കും കോമൻ്റും എണ്ണിയിരിക്കുന്നവരാണ് ജെൻ സി എന്ന ധാരണ നിങ്ങൾക്കുണ്ടെങ്കിൽ അതൊരു തെറ്റിദ്ധാരണ മാത്രമാണെന്ന് സാരം.



