സണ്ണി ഡിയോൾ നായകനായ ‘ബോർഡർ 2’ ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത് നാലാം ദിവസം, റിപ്പബ്ലിക് ദിനത്തിൽ ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 150 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രം ഇതുവരെ ഇന്ത്യയിൽ നിന്ന് മാത്രം കളക്ട് ചെയ്തത്. ആഗോള തലത്തിൽ 250 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു.
ബോക്സ് ഓഫീസ് ട്രാക്കറായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റിപ്പബ്ലിക് ദിനത്തിൽ ഏകദേശം 56 – 59 കോടി രൂപയോളമാണ് സിനിമ നേടിയത്. ഇത് ചിത്രത്തിന്റെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഏകദിന കളക്ഷനാണ്. ഇതോടെ റിപ്പബ്ലിക് ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമായി ‘ബോർഡർ 2’ മാറി. 70 കോടി രൂപ നേടിയ ഷാരൂഖ് ഖാന്റെ ‘പത്താൻ’ ആണ് ഒന്നാമത്. ഹൃത്വിക് റോഷന്റെ ‘ഫൈറ്റർ’ (39.5 കോടി) എന്ന ചിത്രത്തിന്റെ റെക്കോർഡും ‘ബോർഡർ 2’ മറികടന്നു.
വമ്പൻ കളക്ഷനാണ് സിനിമ ആദ്യ ദിനം തന്നെ സ്വന്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, സിനിമ ഇന്ത്യയിൽ നിന്ന് മാത്രം ആദ്യദിനം 30 കോടി രൂപയാണ് നേടിയത്. ഇതോടെ, കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രൺവീർ സിംഗിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ധുരന്ധർ’ ആദ്യദിനം നേടിയ 28 കോടി രൂപ എന്ന റെക്കോർഡ് ‘ബോർഡർ 2’ മറികടന്നു. ആദ്യ നാല് ദിവസത്തിനുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം ഏകദേശം 177 – 180 കോടി രൂപയാണ് ‘ബോർഡർ 2’ സ്വന്തമാക്കിയത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്നായി ചിത്രം 250 കോടി രൂപയ്ക്ക് മുകളിലും സിനിമ കളക്ട് ചെയ്തു.
സണ്ണി ഡിയോളിനൊപ്പം വരുൺ ധവാൻ, ദിൽജിത്ത് ദോസഞ്ച്, അഹാൻ ഷെട്ടി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം, അനുരാഗ് സിംഗ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭുഷൻ കുമാർ, ജെ.പി. ദത്ത എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഗദർ 2’ന് ശേഷം സണ്ണി ഡിയോളിന്റെ മറ്റൊരു വമ്പൻ ഹിറ്റായി ‘ബോർഡർ 2’ മാറിക്കഴിഞ്ഞു.
സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ നിരവധി ട്രോളുകളും വിമർശനങ്ങളും വന്നിരുന്നു. ഒരു ക്ലാസിക് ചിത്രത്തെ നശിപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. എന്നാൽ, റിലീസിന് ശേഷം മികച്ച അഭിപ്രായമാണ് ‘ബോർഡർ 2’ നേടിയെടുക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് സിനിമയ്ക്ക് ലഭിക്കുന്ന ഗംഭീര കളക്ഷൻ.



