കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നതാണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്,വി അനന്തനഗേശ്വര്‍ ആണ് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന്റെ വ്യക്തമായ കണക്കുകള്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടില്‍ ഉണ്ടാകും.
ഞായറാഴ്ചയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങള്‍ ആയ ഐയിംസ്, ശബരി റെയില്‍ ഉള്‍പ്പെടെ പ്രഖ്യാപിക്കണമെന്നും, സംസ്ഥാനത്തിന് നല്‍കേണ്ട തുകയില്‍ കേന്ദ്ര സര്‍കാര്‍ തടഞ്ഞുവെച്ച 17000 കോടിയോളം തുക പ്രത്യേക ഗ്രാന്‍ഡായി അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായി ഒമ്പത് തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോഡ് ആണ് നിര്‍മല സീതാരാമനെ കാത്തിരിക്കുന്നത്. അസ്ഥിരമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയില്‍ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള പരിഷ്‌കരണ നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായി വ്യത്യസ്ത കാലയളവുകളിലായി 10 ബജറ്റുകള്‍ അവതരിപ്പിച്ചിരുന്നു. 1959-1964 കാലയളവില്‍ ധനമന്ത്രിയായിരുന്ന കാലത്ത് മൊറാര്‍ജി ദേശായി ആകെ ആറ് ബജറ്റുകളും 1967-1969 കാലയളവില്‍ നാലു ബജറ്റുകളും അവതരിപ്പിച്ചു.



