പോർച്ചുഗലിലും സ്പെയിനിലും കനത്ത നാശം വിതച്ച് ക്രിസ്റ്റിൻ കൊടുങ്കാറ്റ്. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും പോർച്ചുഗല്ലിൽ അഞ്ച് പേർ മരിച്ചു . നിരവധി വീടുകളിൽ വെള്ളം കയറി. 80,000 ത്തിലധികം വീടുകളിൽ വൈദ്യുതി ബന്ധം താറുമാറായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് തീരദേശ മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സ്പെയിനിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് 160ൽ അധികം റോഡുകൾ വഴിയുള്ള ഗതാഗതം തടസപ്പെട്ടു .ഗതാഗത സംവിധാനങ്ങൾക്കും തടസം നേരിട്ടു . വരും മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മരങ്ങൾ കടപുഴകി വീഴുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും റോഡ്, റെയിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തതു. കൊടുങ്കാറ്റ് സ്പെയിനിലെ ഉൾനാടുകളിലേക്ക് നീങ്ങിയിരിക്കുകയാണ്.
പോർച്ചുഗലിലൂടെ ആഞ്ഞടിച്ച കൊടുങ്കാറ്റ് പിന്നീട് കിഴക്കോട്ട് സ്പെയിനിലേക്ക് നീങ്ങുകയായിരുന്നു. നേരത്തേ ദുരിതം വിതച്ച സ്റ്റോം ജോസഫ് എന്ന കൊടുങ്കാറ്റിൽ നിന്ന് കരകയറുകയാണ് രാജ്യം. അതിനിടെയാണ് ജനജീവിതം പ്രതിസന്ധിയിലാക്കി അടുത്ത കൊടുങ്കാറ്റ് എത്തുന്നത്. സ്പെയിനിന്റെ ദേശീയ കാലാവസ്ഥാ ഏജൻസിയായ എഇഎംഇടി, രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.



