സിനിമാ നയ രൂപീകരണത്തിനായി ഒരു കോൺക്ലേവ് സംഘടിപ്പിക്കാൻ തുനിഞ്ഞ എൽഡിഎഫ് സർക്കാർ അവരുടെ അവസാന ബജറ്റ് അവതരിപ്പിക്കുമ്പോൾ സിനിമാ മേഖല അൽപ്പം അധികം ആശിച്ചു പോകുന്നത് സ്വാഭാവികം. എന്നാൽ, സാംസ്കാരിക മേഖലയെ പൊതുവായി സമീപിച്ച ബജറ്റ് സിനിമാ മേഖലയ്ക്ക് പ്രത്യേക ശ്രദ്ധകൊടുക്കുന്നില്ല. എന്നാൽ, തീർത്തും കണ്ടില്ലെന്ന് പറയാനും ആകില്ല. വനിതാ സംവിധായകര്‍, സിനിമാ വിദ്യാർഥികൾ, സർക്കാരിന്റെ കീഴിലുള്ള സിനിമാ സ്ഥാപനങ്ങൾ എന്നിവയെ പരിഗണിച്ചിട്ടുണ്ട്.
വനിതാ സംവിധായകർക്ക് ചലച്ചിത്ര വികസന കോർപ്പറേഷൻ വഴി ഫീച്ചര്‍ ഫിലിമുകളുടെ നിർമാണത്തിന് നൽകുന്ന സഹായത്തിന്റെ വിഹിതം ഏഴ് കോടി രൂപയായിട്ടാണ് വർധപ്പിച്ചിരിക്കുന്നത്. മൂന്ന് കോടി രൂപയാണ് ഈ പദ്ധതിയിലൂടെ നൽകിവന്നിരുന്നത്. ഈ ചുരുങ്ങിയ ബജറ്റിലും അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചലച്ചിത്രങ്ങൾ നിർമിക്കാൻ മലയാളത്തിലെ വനിതാ സംവിധായകർക്ക് സാധിച്ചിട്ടുണ്ട്. ബജറ്റ് വിഹിതം വർധിച്ചത് ഈ മേഖലയിൽ പുത്തൻ ഉണർവ് പകർന്നേക്കും. എന്നാൽ, ഇത് നിർമാണ നിലവാരം ഉയർത്തുമോ എന്ന ചോദ്യം അപ്പോഴും അവശേഷിക്കുകയാണ്. ‘സിനിമ എടുക്കാൻ ഒരു ക്യാമറ പോരെ’ എന്ന ന്യായം പുതിയ കാലത്ത് വിലപ്പോവില്ല. ദൃശ്യമികവും ഉയർന്ന നിലവാരം പുലർത്തുന്ന കലാ സംവിധാനവും ഒരുപോലെ ആവശ്യപ്പെടുന്ന ആസ്വാദകരിലേക്കാണ് ഈ സിനിമകൾ എത്തേണ്ടത്. അതുകൊണ്ടുതന്നെ കാലാനുസൃതമായ വർധന എന്നിതിനെ വിളിക്കാൻ ആകില്ല.
ഇതിനു പുറമേ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിവിധ പ്രവർത്തനങ്ങൾക്കായി 24 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് 16 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന് 11.50 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരത്തിൽ, സിനിമയുമായി ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളേയും എൽഡിഎഫ് ഈ മേഖലയിൽ എടുത്തുകാട്ടിയ പദ്ധതികളേയും മറക്കാതെയാണ് കെ.എൻ. ബാലഗോപാൽ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.
കലാകരന്‍മാരുടെ ഉപജീവനം, അവരുടെ കലാസപര്യയെ പരിപോഷിക്കുക, പുത്തൻ തലമുറയെ കലാ മേഖലയിലേക്ക് ആകർഷിക്കുക എന്നിവയിൽ ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും കാണാം. സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി 13 കോടി രൂപ വകയിരുത്തിയിരിക്കുന്നത് ഇതിന്റെ ഭാഗമാണ്. യുവകലാകാരന്‍മാരെ തെരഞ്ഞെടുത്ത് രണ്ട് വര്‍ഷത്തേക്ക് ഫെലോഷിപ്പ് നല്‍കി ത്രിതല പഞ്ചായത്തുകളില്‍ കലാപരിശീലനം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ക്ലാസിക്കല്‍ കലകള്‍, അഭിനയ കല, ലളിതകല, ഫോക്‌ലോര്‍ കലകള്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ഫെലോഷിപ്പ് നല്‍കിവരുന്നത്.
പ്രാദേശിക കലകളേയും കരകൗശല വിദ്യകളേയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കി പ്രഖ്യാപിച്ചിരിക്കുന്ന പിണറായിയിലെ സൗത്ത് സോൺ കൾച്ചറൽ സെന്റർ എന്ന ആശയത്തേയും ഇതുമായി ചേർത്തുവായിക്കണം. കലാപ്രകടനങ്ങൾക്കും പരിശീലനങ്ങൾക്കും ശിൽപ്പശാലകൾക്കും കലാകാരന്മാർ തമ്മിലുള്ള സംവാദങ്ങൾക്കുമായി പ്രത്യേക ഇടങ്ങൾ ഒരുക്കി സാംസ്കാരിക വിനിമയം സുഗമമാക്കുകയാണ് ഈ കേന്ദ്രത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഈ പദ്ധതിക്കായി ഒരു കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ മാനവീയം മാതൃകയിൽ പെരളശ്ശേരിയിൽ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥിരം നിശാ ജീവിത- സാംസ്കാരിക ഇടനാഴിയും ശ്രദ്ധിക്കണം. തെയ്യം മുതലായ നാടൻ കലാരൂപങ്ങൾ എന്നിവയ്ക്കുള്ള ഓപ്പൺ എയർ സ്റ്റേജ്, കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കുള്ള മാർക്കറ്റുകൾ, ലിറ്റററി കോർണർ എന്നിവയാണ് ഈ ഇടനാഴിയിൽ ഒരുക്കാൻ പദ്ധതിയിടുന്നത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
നാടക ഇതിഹാസങ്ങളെ ആദരികാന്‍ സ്ഥിരം നാടക തീയേറ്ററുകള്‍ നിര്‍മിക്കുവാന്‍ ‘നാടകഗൃഹം’ എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കായംകുളത്ത് തോപ്പില്‍ ഭാസിക്കും തൃശൂരില്‍ പി.ജെ. ആന്റണിക്കും കണ്ണൂരില്‍ കെ.ടി. മുഹമ്മദിനും ആദര സൂചകമായി നാടക ഗൃഹങ്ങൾ ഒരുക്കാനാണ് പദ്ധതി. 2.50 കോടി രൂപയാണ് ഈ പദ്ധതിക്കായി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിന്റെ വൈവിധ്യമാർന്ന മേഖലകളിൽ സമാനതകളില്ലാത്ത സാംസ്കാരിക സംഭാവനകൾ നൽകിയ അന്തരിച്ച പ്രശസ്ത കലാകാരന്മാരുടെ സ്മരണയ്ക്കായി ‘സാംസ്കാരിക സ്മൃതി മന്ദിരം’ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. വെറുമൊരു സ്മാരകത്തിനപ്പുറം, കേരളത്തിന്റെ കലാപരമായ പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുകയും വ്യാഖ്യാനിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്ന സജീവമായ ഒരു സാംസ്കാരിക സ്ഥാപനമായാകും ഈ മ്യൂസിയം പ്രവർത്തിക്കുക എന്നാണ് സർക്കാർ പറയുന്നത്. ഈ സ്ഥാപനത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപയാണ് വകയിരുത്തിയത്.
സംസ്ഥാനത്തിന്റെ വരവ്-ചെലവ് കണക്കുകളിലെ അസന്തുലിതാവസ്ഥ വ്യക്തമാക്കുമ്പോൾ തന്നെയാണ് ധനമന്ത്രി സാംസ്കാരിക മേഖലയുടെ വിഹിതം 30 ശതമാനം വർധിപ്പിച്ചിരിക്കുന്നത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ റവന്യു വരവ് 1,82,972.10 കോടി രൂപയായിരിക്കുമ്പോൾ റവന്യു ചെലവ് 2,17,558.76 കോടി രൂപയിലേക്ക് ഉയർന്നിട്ടുണ്ട്. ഇതോടെ 34,586.66 കോടി രൂപയുടെ റവന്യു കമ്മിയാണ് ബജറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്. വരുമാനക്കുറവും കടബാധ്യതയും തുടർച്ചയായി വർധിക്കുന്ന പശ്ചാത്തലത്തിൽ, 2026-27 ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രാവർത്തികമാക്കുക എന്നതാകും ഇനി വരുന്ന സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി.



