ഇറാന്‍ -അമേരിക്ക സംഘര്‍ഷസാധ്യത വര്‍ധിച്ചിരിക്കെ പശ്ചിമേഷ്യയിലേക്ക് വീണ്ടുമൊരു യുദ്ധക്കപ്പല്‍ കൂടി വിന്യസിച്ച് അമേരിക്ക. യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന ഡിസ്ട്രോയര്‍ കപ്പലാണ് ഏറ്റവുമൊടുവില്‍ പശ്ചിമേഷ്യയിലെത്തിയത്. നിലവില്‍ ആറ് ഡിസ്ട്രോയറുകളും യു എസ് എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനി കപ്പലും നിരവധി ചെറു പോര്‍ക്കപ്പലുകളുമടക്കം വമ്പന്‍ കപ്പല്‍പ്പടയാണ് ഇറാന്‍ ആക്രമണം പദ്ധതിയിട്ട് അമേരിക്ക എത്തിച്ചിട്ടുള്ളത്.
സംഘര്‍ഷ സാധ്യതയേറുന്നതിനിടെ അമേരിക്ക ആക്രമിച്ചാല്‍ ഉടനടി അമേരിക്കന്‍ താവളങ്ങളിലേക്കും പടക്കപ്പലുകളിലേക്കും പ്രത്യാക്രമണമുണ്ടാകുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തി. അമേരിക്ക ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ടെഹ്‌റാന്റെ തിരിച്ചടിയ്ക്ക് പിന്നെ ഒരതിരുമുണ്ടാകില്ലെന്നാണ് ഇറാനിയന്‍ സൈന്യത്തിന്റെ വക്താവിന്റെ ഭീഷണി. വിമാനവാഹിനി കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കന്റെ നേതൃത്വത്തില്‍ ഇറാന്‍ ലക്ഷ്യമാക്കി അമേരിക്കന്‍ കപ്പല്‍പ്പട നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്.
അതിനിടെ ഇറാന്റെ അര്‍ധസൈനിക വിഭാഗമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിനെ യൂറോപ്യന്‍ യൂണിയന്‍ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ റവല്യൂഷണറി ഗാര്‍ഡിനെ ഉപയോഗിച്ച് ഇറാന്‍ അടിച്ചമര്‍ത്തിയതിന് പിന്നാലെയാണ് നടപടി.



