ഓസ്കാർ ജേതാവ് സാം മെൻഡസ് ഒരുക്കുന്ന ‘ദ ബീറ്റിൽസ്’ എന്ന ബയോപിക്ക് സിനിമാ പരമ്പരയിലൂടെ ഹോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ബോളിവുഡ് നടനും സംവിധായകനുമായ ഫർഹാൻ അക്തർ. ലോകപ്രശസ്ത സിത്താർ വാദകൻ പണ്ഡിറ്റ് രവി ശങ്കറിന്റെ വേഷത്തിലാണ് സിനിമയിൽ ഫർഹാൻ എത്തുന്നത്. ഇപ്പോഴിതാ, ബീറ്റിൽസിന്റെയും രവിശങ്കറിന്റെയും ലെഗസിയുടെ ഭാഗമാകാൻ അവസരം നൽകിയതിന് സാം മെൻഡസിന് നന്ദി അറിയിച്ചിരിക്കുകയാണ് താരം.
“ബീറ്റിൽസിന്റെയും പണ്ഡിറ്റ് രവിശങ്കർ ജിയുടെയും എക്കാലവും വികസിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനവും നന്ദിയുമുണ്ട്. അവരുടെ സർഗാത്മക പ്രതിഭ തലമുറകളായുള്ള ശ്രോതാക്കൾക്ക് ഒരു പുതിയ ലോകത്തേക്കുള്ള വഴികാട്ടിയാണ്. അവരുടെ സംഗീതം എന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും, എന്റെ നല്ല കാലത്തും അത്ര നല്ലതല്ലാത്ത സമയങ്ങളിലും അത് എങ്ങനെ കൂട്ടിനുണ്ടായിരുന്നുവെന്നും എനിക്ക് ദിവസങ്ങളോളം സംസാരിക്കാൻ കഴിയും,” എന്നാണ് ഫർഹാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
“നന്ദി സാം മെൻഡിസ്.. നിങ്ങളുടെ എല്ലാ വർക്കുകളുടെയും വലിയൊരു ആരാധകനാണ് ഞാൻ. ഈ സിനിമയിൽ നിങ്ങളുടെ സംവിധാനത്തിന് കീഴിൽ പ്രവർത്തിക്കുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്…,” എന്നും നടൻ കൂട്ടിച്ചേർത്തു.
അടുത്തിടെയാണ്, ‘ദ ബീറ്റിൽസ്: എ ഫോർ ഫിലിം സിനിമാറ്റിക് ഇവന്റ്’ എന്ന സിനിമാ പരമ്പരയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഹാരിസ് ഡിക്കിൻസൺ ആണ് ജോൺ ലെനൺ ആയി എത്തുന്നത്. പോൾ മക്കാർട്ട്‌നെയായി പോൾ മെസ്കൽ, ജോർജ് ഹാരിസൺ ആയി ജോസഫ് ക്വിൻ, റിംഗോ സ്റ്റാർ ആയി ബാരി കിയോഗൻ എന്നിവരും വേഷമിടുന്നു. ബാൻഡിലെ ഓരോ അംഗത്തിനും പ്രത്യേക പ്രാധാന്യം നൽകുന്ന നാല് ചിത്രങ്ങളായിട്ടാണ് ഈ ബയോപ്പിക് സീരീസ് ഒരുങ്ങുന്നത്. സിനിമകളുടെ ചിത്രീകരണം യുകെയിൽ ആരംഭിച്ചു.
ലൂസി ബോയ്ന്റൺ (ജെയ്ൻ ആഷർ), മോർഫിഡ് ക്ലാർക്ക് (സിന്തിയ ലെനൺ), ഹാരി ലോട്ടി (സ്റ്റുവർട്ട് സട്ട്ക്ലിഫ്), സിയൂഷ റോണൻ (ലിൻഡ മക്കാർട്ട്‌നെ), ജെയിംസ് നോർട്ടൺ (ബ്രയാൻ എപ്‌സ്റ്റൈൻ), അന്ന സാവായ് (യോക്കോ ഓനോ), എയ്മി ലൂ വുഡ് (പാറ്റി ബോയിഡ്), ഹാരി ലോയ്ഡ് ( ജോർജ് മാർട്ടിൻ), മിയ മക്കെന്ന-ബ്രൂസ് (മൗറീൻ സ്റ്റാർക്കി) എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
ഗ്രെഗ് ഫ്രേസർ ആണ് ഛായാഗ്രഹകൻ എഡിറ്റർ – ലീ സ്മിത്ത്, പ്രൊഡക്ഷൻ ഡിസൈനർ – സ്റ്റെഫാനിയ സെല്ല, മാർക്ക് ടിൽഡെസ്ലി, നീൽ കാലോ. സിനിഡ് കിഡോയാണ് കോസ്റ്റ്യൂം ഡിസൈനർ, നവോമി ഡോൺ ഹെയർ ആൻഡ് മേക്കപ്പ് ഡിസൈനറായും പ്രവർത്തിക്കുന്നു. സാം മെൻഡസ് തന്നെയാണ് നാല് സിനിമകളും സംവിധാനം ചെയ്യുന്നത്.



