സംസ്ഥാനത്തെ പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ വോട്ട് പ്രതിസന്ധിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം ആര് നല്‍കുമെന്നും എന്താണ് സംഭവിച്ചതെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു.
നിങ്ങള്‍ക്കു വേണ്ടി സേവനം ചെയ്തവരാണ് ഇരുപതിനായിരം ഉദ്യോഗസ്ഥര്‍. അത്രയും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനായില്ല. ഇത് ഗൗരവതരമാണ്. കമ്മീഷന് നിര്‍ബന്ധ ബുദ്ധി എന്തിനാണെന്നും നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും കോടതി വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്നു 20,000 ൽ അധികം ഉദ്യോഗസ്ഥർക്ക് വോട്ട് നഷ്ടപ്പെട്ടതായി പരാതി ഉയർന്നിരുന്നു. ജീവനക്കാർക്ക് വോട്ട് ചെയ്യാൻ ഒരാഴ്ച സമയം അനുവദിക്കണമെന്നും സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
എല്ലാവർക്കും ബാലറ്റ് നൽകുമെന്നും വോട്ട് ചെയ്യാൻ അവസരമുണ്ടാക്കുമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നത്. എന്നാൽ അത് നടപ്പായില്ലെന്നും പോസ്റ്റൽ ബാലറ്റിന്റെ യഥാർഥ വിവരങ്ങൾ പുറത്ത് വിടാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ലെന്നും സർവീസ് സംഘടനകൾ ആരോപിച്ചിരുന്നു.



