ലോക നൃത്തദിനാഘോഷങ്ങളോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സംഘടിപ്പിച്ച റിഥം ഓഫ് ഗ്രേസ് പരിപാടിയില്‍ ആനന്ദനൃത്തം അവതരിപ്പിച്ച് ഭിന്നശേഷിക്കാര്‍.. ആനന്ദനടനം ആടി ഞാന്‍.. എന്ന ഗാനത്തിന് നൃത്തച്ചുവടുകളുമായി കുട്ടികള്‍ അരങ്ങു തകര്‍ത്ത പ്രകടനം കാഴ്ചവച്ചു. വട്ടിയൂര്‍ക്കാവ് ശ്രീവിദ്യ കലാനികേതന്‍ കള്‍ച്ചറല്‍ സൊസൈറ്റിയും ഡിഫറന്റ് ആര്‍ട് സെന്ററും സംയുക്തമായാണ് പരിപാടി അവതരിപ്പിച്ചത്.
സൈസൈറ്റിയുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ കലാപ്രകടനവും അരങ്ങേറി. തുടര്‍ന്ന് ചലച്ചിത്രതാരവും എസ്.കെ.സി.എസ് ചെയര്‍പേഴ്‌സണുമായ അഞ്ജിതയുടെ നൃത്തവിരുന്നും ദിനാഘോഷത്തിന് മാറ്റുകൂട്ടി. കലാപ്രതിഭകളുടെ സംഗമവേദിയാണ് ഡിഫറന്റ് ആര്‍ട് സെന്ററെന്നും കലയുടെ യഥാര്‍ത്ഥ ഇന്ദ്രജാലം നടക്കുന്നതിവിടെയാണെന്നും മുഖ്യപ്രഭാഷണത്തിനിടെ അഞ്ജിത പറഞ്ഞു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മീഡിയ ഹെഡ് നന്ദഗോപാല്‍ നായര്‍, ശൈലജ തുടങ്ങിയവര്‍ പങ്കെടുത്തു.



