ക്ലബ് ലോകകപ്പിലെ തോൽവിയോടെ ഏഞ്ചൽ ഡിമരിയയുടെ യൂറോപ്യൻ കരിയർ അവസാനിപ്പിച്ചു. അടുത്ത സീസണിൽ മുൻ അർജൻ്റൈൻ ക്ലബ് റൊസാരിയോ സെൻട്രലിന് വേണ്ടിയാകും ഡിമരിയ പന്ത് തട്ടുക. ക്ലബ് ലോകകപ്പിൽ ചെൽസിയോട് പരാജയപ്പെട്ട് ബെൻഫിക്ക പുറത്തായതിന് പിന്നാലെ അർജൻറ്റൈൻ ഇതിഹാസം ഏഞ്ചൽ ഡി മരിയ കണ്ണീരോടെയാണ് മൈതാനം വിട്ടത്.
അന്തരാഷ്ട്ര കരിയർ പോലെ യൂറോപ്പ്യൻ കരിയറും അവസാനിപിച്ചിരിക്കുകയാണ് ഡി മരിയ. ഇനി സ്വന്തം രാജ്യത്ത് പന്ത് തട്ടും. ക്ലബ് ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ബെൻഫിക്കയോട് വിട പറയുമെന്ന് ഡി മരിയ അറിയിച്ചിരുന്നു. പിന്നാലെ അർജന്റീനയിലെ തന്റെ പഴയ തട്ടകത്തിലേക്ക് ചേക്കേറിയതായി ഔദ്യോഗിക പ്രഖ്യാപനവും വന്നു.
ക്ലബ് ലോകകപ്പിലിറങ്ങിയ ഡി മരിയ കാഴ്ചവെച്ചത് യുവതാരങ്ങളെ വെല്ലുന്ന പ്രകടനമാണ്. 37 ആം വയസിലും ടൂർണമെൻ്റിൽ 4 ഗോളുമായി ഗോൾ വേട്ടക്കാരിൽ മുന്നിൽ. പോർച്ചുഗീസ് ക്ലബ്ബിനായി അവസാന മത്സരത്തിനിറങ്ങിയ ഡി മരിയ ഗോൾ, അവസാന നിമിഷം വരെ പോരാടി.
യൂറോപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ്, പിഎസ്ജി ടീമുകൾക്കായി പന്ത് തട്ടിയ ഡി മരിയ നീണ്ട 18 വർഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. യൂറോപ്പ്യൻ കരിയറിൽ ചാമ്പ്യൻസ് ലീഗും അഞ്ച് ലീഗ് 1 കിരീടങ്ങളും ഉൾപ്പെടെ 30 കിരീടങ്ങളാണ് താരം സ്വന്തമാക്കിയത്.
തന്റെ കരിയർ എവിടെയാണോ ആരംഭിച്ചത് അവിടെത്തന്നെ അവസാനിപ്പിക്കുമെന്ന് നേരത്തെ ഡി മരിയ പറഞ്ഞിരുന്നു. ഇതിഹാസത്തിന് നന്ദി യൂറോപ്പ്യൻ ഫുട്ബോൾ വർണാഭമാക്കിയതിന്.



