ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ‘ക്രിക്കറ്റിൻ്റെ മെക്ക’ എന്നറിയപ്പെടുന്ന ലണ്ടനിലെ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച തുടക്കമാകും. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോൾ, രണ്ടാമത്തേതിൽ ഇന്ത്യ 336 റൺസിൻ്റെ ചരിത്രവിജയമാണ് നേടിയത്. ഇതോടെ പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിന് വീറും വാശിയും കൂടുമെന്നുറപ്പാണ്.
ബാസ് ബോളിൻ്റെ വമ്പുമായെത്തിയ ഇംഗ്ലണ്ടിനെ വൻ മാർജിനിൽ അട്ടിമറിച്ചതിൻ്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ലോർഡ്സിൽ ജയിച്ച് നിർണായക ലീഡ് സ്വന്തമാക്കാനാണ് ബെൻ സ്റ്റോക്സും ശുഭ്മാൻ ഗില്ലും കണക്കുകൂട്ടുന്നത്. ഇതോടെ നാളെ മുതൽ അഞ്ചുനാൾ നീണ്ടുനിൽക്കുന്ന പോരാട്ടത്തിന് വീറും വാശിയും കൂടുമെന്നുറപ്പാണ്.
കണക്കുകളുടെ കളി
ഇംഗ്ലണ്ടിൻ്റെ ഭാഗ്യ ഗ്രൗണ്ടായ ലോർഡ്സിലെ മുൻകാല ചരിത്രങ്ങൾ ഇന്ത്യക്ക് അത്ര ശുഭകരമായ ഓർമകളല്ല സമ്മാനിക്കുന്നത്. ഇന്ത്യ ഇവിടെ ഇംഗ്ലണ്ടുമായി 19 ടെസ്റ്റ് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നെണ്ണത്തിൽ മാത്രമാണ് ജയിച്ചത്. 12 കളികൾ തോറ്റിരുന്നു. നാലെണ്ണം സമനിലയിലായി. അവസാന മൂന്ന് ടെസ്റ്റുകളിൽ രണ്ടെണ്ണം ജയിച്ചതാണ് ഇന്ത്യക്ക് ഏക ആശ്വാസം. 2014ൽ 95 റൺസിന് ജയിച്ചപ്പോൾ, 2018ൽ 159 റൺസിൻ്റെ ഞെട്ടിക്കുന്ന തോൽവിയേറ്റു വാങ്ങി. 2021ൽ 151 റൺസിൻ്റെ തകർപ്പൻ ജയവും നേടി.
‘ക്രിക്കറ്റിൻ്റെ മെക്ക’
ലണ്ടനിലെ സെൻ്റ് ജോൺസ് വുഡ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു പഴയ ക്രിക്കറ്റ് മൈതാനമാണ് ലോർഡ്‌സ്. മാരിലെബോൺ ക്രിക്കറ്റ് ക്ലബിൻ്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം, സ്ഥാപകനായ തോമസ് ലോർഡിൻ്റെ പേരിലാണ് അറിയപ്പെടുന്നത്. 1787 മെയ് മാസത്തിൽ തോമസ് ലോർഡ് ഇന്നത്തെ ഡോർസെറ്റ് സ്ക്വയറിൽ സ്റ്റേഡിയം സ്ഥാപിച്ചത് മുതലാണ് ഈ വിഖ്യാതമായ ഗ്രൗണ്ടിൻ്റെ ചരിത്രം ആരംഭിക്കുന്നത്.
20005ൽ എട്ട് മില്യൺ പൗണ്ട് ചെലവഴിച്ച് സ്റ്റേഡിയം നവീകരിച്ചിരുന്നു. മിഡിൽസെക്സിൻ്റെ ഹോം കൗണ്ടി മത്സരങ്ങൾ ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി), യൂറോപ്യൻ ക്രിക്കറ്റ് കൗൺസിൽ (ഇസിസി) എന്നിവയുടെ ആസ്ഥാനം കൂടിയാണിത്. ലോർഡ്സ് സ്റ്റേഡിയം പണിതിട്ട് 2014ൽ ഇരുനൂറ് വർഷം പൂർത്തിയായിരുന്നു.
ബുമ്ര തിരിച്ചെത്തുന്നു
ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതാണ് ഇന്ത്യൻ ടീമിന് സന്തോഷം നൽകുന്ന വാർത്ത. ആകാശ് ദീപിനെ നിലനിർത്തി പകരം പ്രസിദ്ധ് കൃഷ്ണയെ പുറത്തിരുത്തുമെന്നാണ് സൂചന. രണ്ടാം ടെസ്റ്റിൽ ബുമ്രയ്ക്ക് പകരക്കാരനായെത്തിയ ആകാശ് ദീപ് പത്ത് വിക്കറ്റുമായി തിളങ്ങിയിരുന്നു. ബുമ്ര കൂടിയെത്തുന്നതോടെ ഇന്ത്യൻ ബൗളിങ് വിഭാഗം കൂടുതൽ അപകടകാരികളായി മാറും.
ലീഡ് തിരിച്ചുപിടിക്കാൻ ആതിഥേയർ
ഇന്ത്യക്കെതിരെ പേസ് ബൗളർമാർ നിറം മങ്ങിയതാണ് ഇംഗ്ലണ്ടിനെ കുഴക്കുന്ന പ്രധാന വെല്ലുവിളി. ഇന്ത്യ രണ്ട് ഇന്നിങ്സുകളിലുമായി 1013 റൺസാണ് അടിച്ചുകൂട്ടിയത്. ലോർഡ്സിലെ ഭാഗ്യ ഗ്രൗണ്ടിൽ ലീഡ് തിരിച്ചുപിടിക്കാൻ ടീമിൽ അഴിച്ചുപണികളുമായാണ് ഇംഗ്ലണ്ട് വരുന്നത്. പുതുതായി ടീമിലെടുത്ത പേസ് ബൗളർമാരായ ഗസ് അറ്റ്‌കിൻസണും ജോഫ്ര ആർച്ചറും അവസാന പതിനൊന്നിൽ ഇടംപിടിച്ചേക്കും.
ലോർഡ്‌സിലെ ഇന്ത്യൻ ചരിത്രം
- മത്സരങ്ങൾ 19, ജയം 3
- തോൽവി 12, സമനില 4
- ഉയർന്ന സ്‌കോർ – 454 (ഇംഗ്ലണ്ടിനെതിരെ, 1990)
- കുറഞ്ഞ സ്‌കോർ – 42 (ഇംഗ്ലണ്ടിനെതിരെ, 1974)