ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ വേർപിരിയുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ബാഡ്മിൻ്റൺ താരജോഡികളായ സൈന നേഹ്‌വാളും പി. കശ്യപും. 2018ലാണ് ഇരുവരും വിവാഹിതരായത്. 2012ലെ ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയ സൈന നേഹ്‌വാൾ ഞായറാഴ്ചയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
“ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു. വളരെയധികം ആലോചിച്ചതിന് ശേഷം, പാരുപ്പള്ളി കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. ഞങ്ങളുടെ മനസമാധാനം, വളർച്ച, രോഗശാന്തി എന്നിവയ്ക്ക് വേണ്ടിയാണ് ഈ വഴി തെരഞ്ഞെടുക്കുന്നത്. സമ്മാനിച്ച നല്ല ഓർമകൾക്കെല്ലാം നന്ദിയുള്ളവളാണ്, മുന്നോട്ട് പോകുമ്പോൾ ഏറ്റവും മികച്ചത് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യത മനസിലാക്കുകയും, ബഹുമാനിക്കുകയും ചെയ്തതിന് നന്ദി,” സൈന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതി.
ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് സൈനയും കശ്യപും പരിശീലനം നേടിയത്. ഒളിമ്പിക്സിൽ രാജ്യത്തിനായുള്ള മികച്ച പ്രകടനത്തിലൂടെയും വെങ്കല മെഡലിലൂടെയും സൈന വാർത്തകളിൽ നിറഞ്ഞപ്പോൾ, 2014ലെ കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡൽ നേടി കശ്യപും പ്രശസ്തിയിലേക്കുയർന്നു.
കർണം മല്ലേശ്വരിക്ക് ശേഷം ഒളിമ്പിക് മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യൻ വനിതയായിരുന്നു സൈന. 2015ൽ വനിതാ സിംഗിൾസിൽ ലോക ഒന്നാം നമ്പർ റാങ്കിങ് നേടുന്ന ആദ്യ ഇന്ത്യൻ വനിതയായും സൈന മാറി. അതേസമയം, വേർപിരിയലിനെക്കുറിച്ച് പി. കശ്യപ് ഒന്നും പ്രതികരിച്ചിട്ടില്ല. 2018ലാണ് സൈന നെഹ്‌വാളും പാരുപള്ളി കശ്യപും വിവാഹിതരായത്.