വിവാഹമോചന കേസുകളില്‍ ഫോണ്‍ റെക്കോര്‍ഡുകള്‍ പങ്കാളിക്കെതിരെ തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച് നേരത്തേയുണ്ടായിരുന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി.
ഭാര്യയുടെ അറിവില്ലാതെ ടെലിഫോണ്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശ ലംഘനമാണെന്നും തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി.
ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ഒളിഞ്ഞുനോക്കുന്നത് ബന്ധത്തിന്റെ തകര്‍ച്ചയുടെ ലക്ഷണമാണെന്നാണ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കിയത്.
പങ്കാളികളെ പരസ്പരം ഒളിഞ്ഞു നോക്കാന്‍ പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ ഇത്തരം തെളിവുകള്‍ അനുവദിക്കുന്നത് ഗാര്‍ഹിക ഐക്യത്തെയും ദാമ്പത്യ ബന്ധങ്ങളെയും അപകടത്തിലാക്കുമെന്ന് ചില വാദങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരമൊരു വാദം നിലനില്‍ക്കുമെന്ന് കരുതുന്നില്ല. കാരണം പങ്കാളികള്‍ പരസ്പരം ഒളിഞ്ഞുനോക്കുന്ന ഘട്ടമെത്തിയിട്ടുണ്ടെങ്കില്‍ അതു തന്നെ ബന്ധം തകര്‍ന്നതിന്റെ ലക്ഷണമാണ്. പരസ്പരമുള്ള വിശ്വാസക്കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, എസ്.സി. ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചു കൊണ്ട് പറഞ്ഞു.
ഭാര്യക്കെതിരെയുള്ള ആരോപണങ്ങളില്‍ തെളിവായി ഫോണ്‍ റെക്കോര്‍ഡുകള്‍ സമര്‍പ്പിക്കാന്‍ ബത്തിന്‍ഡ കുടുംബ കോടതിയായിരുന്നു ഭര്‍ത്താവിന് അനുമതി നല്‍കിയത്. ഇതിനെതിരെ ഭാര്യ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. തന്റെ അനുമതിയില്ലാതെയാണ് ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ഇത് തെളിവായി സ്വീകരിക്കുന്നത് സ്വകാര്യതയ്ക്കുള്ള മൗലികാവകാശ ലംഘനമാണെന്നുമായിരുന്നു ഭാര്യ വാദിച്ചത്. ഈ വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധി.